കൊച്ചി: പത്ത് വർഷത്തിന് ശേഷം ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം നോർത്ത് സ്റ്റേഷനിൽ മണിക്കുറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്ക് 2.40തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തി. ലഹരി ഇടപാടുകാരനായ സജീറിനെ അറിയാമെന്ന് നടൻ മൊഴി നൽകിയിരുന്നു.എൻ ഡി പിഎസ് ആക്ട് 27, 29 വകുപ്പുകൾ പ്രകാരം ആണ് അറസ്റ്റ്. ലഹരി ഉപയോഗിച്ചതിനും, ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. നഖവും മുടിയും അടക്കം പരിശോധിക്കും. നടനെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും.
ഡാൻസാഫ് പരിശോധനയ്ക്കിടെ എന്തിനാണ് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയതെന്നടക്കം 32 ചോദ്യങ്ങളാണ് പൊലീസ് ഷൈനിനോട് ചോദിച്ചത്.. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ ഷൈനിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഫോണില്‍ ഷൈനിനെ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് പൊലീസ് തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ സമയത്ത് നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ പിതാവ് സി പി ചാക്കോയാണ് നോട്ടീസ് കൈപ്പറ്റിയത്.