വാർത്താ നോട്ടം

Advertisement

2025 ഏപ്രിൽ 19 ശനി

BREAKING NEWS

👉ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ജനൽ വഴി ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ഇന്ന് മൂന്നിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകും.

👉ഇന്നലെ നോട്ടീസ് നൽകാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഷൈൻ്റെ പിതാവാണ് ഇക്കാര്യം അറിയിച്ചത്.

👉നടൻ എത്തിയാൽ സെൻട്രൽ എ സി പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ചോദ്യം ചെയ്യും.ഇതിനായി പോലീസ് 32 ചോദ്യാവലികൾ തയ്യാറാക്കിയിട്ടുണ്ട്.

👉 ദില്ലി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് 4 പേർ മരിച്ചു.രക്ഷാപ്രവർത്തനം തുടരുന്നു

👉 നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, നാളെ രാവിലെ 10ന് അടിയന്തിര യോഗം വിളിച്ച് തൃണമൂൽ കോൺഗ്രസ്.

👉കെ എംഎബ്രഹാമിനെ തിരെ മുഖ്യമന്ത്രിയ്ക്കു് പരാതി നൽകി ജോമോൻ പുത്തൻപുരയ്ക്കൽ, തനിക്കെതിരായ ആരോപണങ്ങൾ ഹൈക്കോടതി തള്ളിയതാണെന്ന് പരാതിയിൽ പറയുന്നു.

👉മകനൊപ്പം മദ്യപാനം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ യുവാവ് തല്ലിയെന്ന് പരാതി. പത്തനംതിട്ട കൂടൽ ഏലിയാൻ മൂലയിൽ ശശിയുടെ പരാതിയിൽ കേസെടുത്തു.

👉ജമ്മുവിലെ ഭീകരാക്രമണം : കോബ്രയുടെ പുതിയ ബറ്റാലിയനെ ജമ്മു മേഖലയിൽ വിനിയോഗിക്കും

👉സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയെ ഇന്നറിയാം

👉കാനഡിയിൽ 21 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ വെടിയേറ്റ് മരിച്ചു.

🌴 കേരളീയം 🌴

🙏 ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് പോലിസ് ചോദ്യം ചെയ്തേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

🙏 നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഫിലിം ചേംബര്‍ ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരിട്ട് എത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് ഷൈനിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൊലീസ് അന്വേഷണവുമായും ഷൈന്‍ സഹകരിക്കും.

🙏 മണ്ണടിഞ്ഞു കൂടി പൊഴി മൂടപ്പെട്ട മുതലപ്പൊഴിയില്‍, അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് പകരം പ്രദേശത്ത് കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി.

🙏 നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വട്ടം കറക്കി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന് എപി അനില്‍കുമാറുമായുള്ള ചര്‍ച്ചയിലും അന്‍വര്‍ ആവര്‍ത്തിക്കുകയായിരുന്നു. വിജയ സാധ്യത ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അന്‍വര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പ് തന്നെയാണ് അന്‍വര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നിട്ടും അന്‍വര്‍ വഴങ്ങിയില്ല. ഇതോടെ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന് കരുതുന്ന ഒരു സീറ്റില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്.

🙏 നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായി പി.വി. അന്‍വര്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

🙏 വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളില്‍ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകര്‍ത്തത്. സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാല്‍, അന്‍ഷിദ്, ഫെബിന്‍ എന്നിവരാണ് പിടിയിലായത്.

🙏 വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്ന് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ.

🙏 നാല് വയസുകാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഗാര്‍ഡന്‍ ഫെന്‍സിങിന്റെ ഭാഗമായി സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണാണ് അപകടം നടന്നത്. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്നലെ രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി.

🙏 പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാന ലാപ്പില്‍ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.

🙏 പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ മാത്യൂ സാമുവേല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയില്‍ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ ആതുര ശുശ്രൂഷ രംഗത്ത് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം .

🇳🇪 ദേശീയം 🇳🇪

🙏 നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച ഇ ഡി നടപടിക്കെതിരായ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും.

🙏 കര്‍ണാടകയില്‍ സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലിം സംവരണം നല്‍കുന്ന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതില്‍ നടപടി വൈകിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. ബില്ലുകളില്‍ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.

🙏 വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. ട്രെയിനിങില്‍ പങ്കെടുക്കാനെത്തി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന 46 കാരിയായ എയര്‍ഹോസ്റ്റസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

🙏 രോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും നിയമം ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട്, അംബേദ്കര്‍ ജയന്തി ദിവസമാണ് രാഹുല്‍ ഗാന്ധി കത്ത് അയച്ചത്.

🙏 ഹിമാചല്‍പ്രദേശിലെ ചീഫ്സെക്രട്ടറി നടത്തിയ ആഡംബര പാര്‍ട്ടി വിവാദത്തില്‍. മാര്‍ച്ച് 31 ന് വിരമിക്കേണ്ടിയിരുന്ന ചീഫ് സെക്രട്ടറി പ്രബോധ് സക്‌സേനയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ പാര്‍ട്ടിയിലെ ഭക്ഷണത്തിന്റെ ബില്‍ ആണ് വിവാദത്തിലായിരിക്കുന്നത്.

🙏 ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചു.

🙏 സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്ന സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി പേഴ്സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരാതി. പാറ്റ്ന ഹൈക്കോടതി മുന്‍ ജഡ്ജി രാകേഷ് കുമാറാണ് പരാതിക്കാരന്‍.

🙏 2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

🙏 ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഇക്കാര്യം വ്യക്തമാക്കിയത്. 8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പേസിലും പരിശീലനത്തിലാണു ശുഭാന്‍ഷു ശുക്ല.

🏏 കായികം 🏏

🙏 മഴയും മിന്നലും കാരണം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സിന്റെ കുതിപ്പ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു.

🙏അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഇതോടെ 7 കളികളില്‍ നിന്ന് 5 ജയവുമായി 10 പോയിന്റ് നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. 6 കളികളില്‍ നിന്ന് 10 പോയിന്റുള്ള ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. 6 കളികളില്‍ നിന്ന് 8 പോയിന്റുള്ള ഡല്‍ഹി മൂന്നാം സ്ഥാനത്തും 7 കളികളില്‍ നിന്ന് 8 പോയിന്റുള്ള ബംഗളുരു നാലാം സ്ഥാനത്തുമാണ്.