കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ. കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടതിനെ സമൂഹമാധ്യങ്ങളില്‍ അഭിനന്ദിച്ച് പോസ്റ്റിട്ട വിഴിഞ്ഞം തുറമുഖ എംഡിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ചീഫ് സെക്രട്ടറി, കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് പരാതി. ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ പാടില്ല. രാഗേഷിനെ പുകഴ്ത്തിക്കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട 1968 ലെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 5 ന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.