മുഖ്യമന്ത്രിയുടെ രാജിക്ക് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്,മേയ് 6ന് കളക്ടറേറ്റ് മാര്‍ച്ച്

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്. മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തുക. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

മുഖ്യമന്ത്രി മാസപ്പടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മകള്‍ക്കെതിരേ കുറ്റപത്രം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രി തന്നെ അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോള്‍ അത് ഉദ്യോഗസ്ഥരും മാതൃകയാക്കി.

പിണറായി വിജയന്റെ വലംകൈയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞു. ലൈഫ് മിഷന്‍ കേസിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം ഏബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കിഫ്ബിയുടെ നിരവധി വഴിവിട്ട ഇടപാടുകളില്‍ സംരക്ഷണം ആവശ്യം ഉള്ളതിനാല്‍ കെഎം ഏബ്രഹാമിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അദ്ദേഹത്തെ ഉടന്‍ പുറത്താക്കണം. പിആര്‍ഡിയുടെ പിആര്‍ ജോലികള്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകന്റെ കമ്പനിക്കു നല്കിയതിനെതിനെതിരേ നടപടി പോയിട്ട് അന്വേഷണംപോലുമില്ല.

ഇന്റലിജന്‍സ് എഡിജിപി പി. വിജയനെതിരേ എഡിജിപി എംആര്‍ അജിത്കുമാര്‍ വ്യാജമൊഴി നല്കിയതിന് കേസെടുക്കണമെന്ന് പോലീസ് മേധാവി ഉത്തരവിട്ടിട്ടു മൂന്നുമാസമായെങ്കിലും മുഖ്യമന്ത്രിക്ക് അനക്കമില്ല.

മുനമ്പത്ത് കബളിപ്പിക്കല്‍

മുനമ്പം ജനതയെ ബിജെപിയും സിപിഎം പച്ചക്കുപറഞ്ഞ് കബളിപ്പിച്ചു. വഖഫ് ബില്‍ പാസാക്കിയതുകൊണ്ട് മുനമ്പത്തിന് ഒരു പ്രയോജനവും കിട്ടില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്. മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്നു സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചാല്‍ ആ നിമിഷം തീരുന്ന പ്രശ്നമാണിത്. മുനമ്പം വിഷയത്തില്‍ ട്രൈബ്യൂണലിന്റെ വിധി വരാനിരിക്കെ സര്‍ക്കാരും വഖഫ് ബോര്‍ഡും ഹൈക്കോടതിയെ സമീപിച്ചത് വിഷയം നീട്ടിക്കൊണ്ടു പോയി വെടക്കാക്കി തനിക്കാക്കാനാണ്. എന്നാല്‍ ഇരുമുന്നണികളും വഞ്ചിക്കുകയായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞു.

ആശാസമരം തീര്‍ക്കണം

ആശാവര്‍ക്കേഴ്സ് നടത്തുന്ന കരളലിയിക്കുന്ന സമരം രണ്ടു മാസം പിന്നിട്ടിട്ടും സര്‍ക്കാരിന് ഒരു കുലക്കുവില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശമാരുടെ ന്യായമായ അവകാശം സര്‍ക്കാര്‍ നിഷേധിക്കുമ്പോള്‍, കോടിക്കണക്കിനു രൂപ മുടക്കി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പതിച്ച പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മാത്രം 20.71 കോടിയാണ് അനുവദിച്ചത്. ദശകോടികള്‍ പിന്നാലെ വരുന്നു. മുഖ്യമന്ത്രിക്ക് ഹെലിക്കോപ്റ്ററില്‍ കറങ്ങാനും കെവി തോമസിന് വാരിക്കോരി നല്കാനും പിഎസ് സി അംഗങ്ങള്‍ക്ക് തോന്നിയതുപോലെ ശമ്പളം വര്‍ധിപ്പിക്കാനും സര്‍ക്കാരിന് പണമുണ്ട്. പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍ക്ക് വയറുനിറച്ച് അധിക്ഷേപം മാത്രം. ആശാവര്‍ക്കേഴ്സുമായി ഉടനടി ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

എഐസിസി പ്രമേയം

അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രമേയം ഇന്നു നടന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമേയത്തിന്റെ മലയാളം പരിഭാഷ എല്ലാവര്‍ക്കും വിതരണം ചെയ്തു. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ വ്യക്തതയും ദിശാബോധവും നല്കുന്ന പ്രമേയം താഴെത്തട്ടില്‍ വരെ എത്തിക്കും. 14 ജില്ലകളിലും തുടര്‍ന്ന് നിയോജക മണ്ഡലങ്ങളിലും വാര്‍ഡുകളിലും റിപ്പോര്‍ട്ട് ചെയ്യും.

കുടുംബസംഗമം

വാര്‍ഡ് തലത്തിലുള്ള മഹാത്മഗാന്ധി കുടുംബസംഗമം വന്‍ വിജയമാണെന്നു യോഗം വിലയിരുത്തി. 8000 കുടുംബസംഗമങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളത് ഉടനേ പൂര്‍ത്തിയാക്കും.

നെല്ല് സംഭരിക്കണം

സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ അഗാധമായ പ്രതിസന്ധി നേരിടുന്നു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും കര്‍ഷക വിരുദ്ധ സമീപനവും മൂലം നീലമ്പേരുരില്‍ കര്‍ഷകര്‍ നെല്‍ തീയിട്ട് നശിപ്പിച്ചു. നെല്‍സംഭരിക്കാനും പണം നല്ലാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം