പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കി.
രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഓമനക്കുട്ടൻ ഭീഷണിപ്പെടുത്തി.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലായിരുന്നു വീണ്ടും ഭീഷണി ഉണ്ടായത്. നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎല്‍എയുടേതെന്നും ഭിന്നശേഷി വിദ്യാര്‍ത്ഥികളെ അപമാനിക്കുകയാണ് എംഎല്‍എയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനിടെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഭീഷണി തുടര്‍ന്നു. നേരത്തെയും വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എംഎല്‍എയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.