വിഷുക്കണി പോലെ പ്രധാനമാണ് വിഷുഫലവും.വിഷുസംക്രമണം നടക്കുന്ന നക്ഷത്രവുമായി ബന്ധപ്പെട്ടാണ് വിഷുഫലം. 2025 ഏപ്രില്‍ 14ന് വെളുപ്പിന് 3.21നാണ് മേട വിഷുസംക്രമണം വരുന്നത്. സംക്രമ സമയത്തെ ഭാഗ്യതാരക സ്ഥിതി രോഹിണി നക്ഷത്രത്തിലാണ്. ഇതിനെ അടിസ്ഥാനമാക്കി ഗണിച്ച 27നക്ഷത്രങ്ങളുടെയും സാമാന്യ ഫലമാണ് ഇവിടെ ചേർക്കുന്നത്.
അശ്വതി
വിഷുഫലം അനുസരിച്ച് അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. അധികാരികളുടെ പ്രീതിനേടുന്നതാണ്. പുതുജോലി തേടുന്നവർ നിരാശപ്പെടില്ല. നിക്ഷേപങ്ങളിൽ നിന്നും ആദായം കൂടുന്നതാണ്. ദാമ്പത്യത്തിൽ സൗഖ്യമുണ്ടാവും. അന്യദേശങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും.സ്ഥാനക്കയറ്റം കൈവരുവാനിടയുണ്ട്. സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ഗുണകരമാവും. തൊഴിലിടത്തിൽ സമാധാനം പുലരുന്നതാണ്. സമൂഹത്തിൻ്റെ അംഗീകാരം അനായാസം കൈവന്നേക്കും
ഭരണി
ഭരണി നക്ഷത്രക്കാർക്ക് ഗുണപരമായ വർഷമാണ്. ബിസിനസ്സിൽ നേട്ടങ്ങൾ വരാം. ബിസിനസിൽ ലാഭമുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലബ്ധി പ്രതീക്ഷിക്കാം. ബിരുദാനന്തര വിദ്യാഭ്യാസം അന്യദേശത്താവാൻ സാധ്യത കാണുന്നു. പ്രണയികൾക്ക് ആദ്യത്തെ തടസ്സങ്ങളെ മറികടന്ന് ഒന്നിക്കാനാവും. മക്കൾക്ക് സന്താന ലബ്ദി ഭവിക്കുന്നതാണ്. യാത്രകൾ വർദ്ധിക്കും. ജീവിത നിലവാരം മെച്ചപ്പെടുന്നതാണ്.
കാർത്തിക
മേടക്കൂറുകാരായ കാർത്തികക്കാർക്ക് വിഷുഫലം അനുസരിച്ച് നേട്ടങ്ങൾ ആസന്നമാവുന്നതാണ്.വിവാഹത്തിന് സാധ്യതയുണ്ട് ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വ്യവഹാരങ്ങളിൽ നിന്നും പിന്തിരിയും. കലാകാരന്മാർക്ക് അംഗീകാരം കൈവരുന്നതാണ്. രോഗശമനമുണ്ടാകും.വരുമാനം വർദ്ധിക്കും. സർക്കാരിൽ നിന്നും നേട്ടങ്ങൾ / ആനുകൂല്യങ്ങൾ ഇവ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ ഭവിക്കും.
രോഹിണി
സഹോദര സ്ഥാനീയർ മുഖേന കാര്യസാധ്യമുണ്ടാകും. പരീക്ഷകളിൽ വിജയിക്കും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ബന്ധം ലഭിക്കും.വാഹന സംബന്ധമായുള്ള ചെലവുകള്‍ വര്‍ധിക്കും. വർഷത്തിന്റെ മധ്യം കഴിഞ്ഞു മനസ്സിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും .ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അന്യജന സഹായത്താൽ കാര്യവിജയം.തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കേണ്ട അവസരം വരും.കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക.
മകയിരം
വിഷുഫലം അനുകൂലമല്ല. എന്നാൽ ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക് ഗുണഫലങ്ങൾ പലതും അനുഭവവേദ്യമാവും.
സാമ്പത്തിക കാര്യങ്ങളിൽ അധികശ്രദ്ധ പുലർത്തുക. യാത്രകൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതാകും. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം ഉണ്ടാകാം. സാഹസിക പ്രവർത്തനങ്ങൾ നടത്തും. ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും. ധനപരമായി വിഷമതകൾ നേരിടും.സുഹൃത്തുക്കളുമായി ഒത്തുചേർന്ന് ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാവാം.തൊഴിൽപരമായ വിഷമതകൾ. വിവാഹ ആലോചനകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും.സന്താനങ്ങൾക്ക് അനുകൂല കാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം ഉണ്ടാകും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും.
തിരുവാതിര :
ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണും. സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ വേണ്ടി വരും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടതയുണ്ടാകാനിടയുണ്ട്.ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത ശമിക്കും. ദാമ്പത്യപരമായ പ്രശ്നങ്ങൾ ഒഴിവാകും. മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും.പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക് സാധ്യത. മാസാവസാനത്തോടെ ഇന്റർവ്യൂ, മത്സരപ്പരീക്ഷകൾ, വിദേശയാത്രയ്ക്കുള്ള ശ്രമം എന്നിവയിൽ വിജയിക്കും.
പുണർതം
സമ്മിശ്രഫലമുണ്ടാവുന്ന വർഷമാണ്. കാര്യസാധ്യത്തിന് പതിവിലും പ്രയത്നിക്കേണ്ടി വരാം. ആഗ്രഹസാഫല്യത്തിന് കൂടുതൽ കാത്തിരിപ്പ് ആവശ്യമാവും.സ്വന്തം ബിസിനസില്‍ മികച്ച നേട്ടമുണ്ടാകും. എന്നാൽ നൂതന സംരംഭങ്ങൾ കരുതലോടെ വേണം സമാരംഭിക്കുവാൻ. അനാവശ്യഭീതികളിൽ നിന്ന് മോചനം ലഭിക്കും. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.സുപ്രധാന തീരുമാനങ്ങൾ പുനരാലോചനയിലൂടെ വേണം കൈക്കൊള്ളാനും പ്രവർത്തി പഥത്തിൽ കൊണ്ടുവരാനും. . വായ്പകൾ നേടാൻ കഴിയുന്നതാണ്. തിരിച്ചടവ് ദുഷ്കരമാവും. വിദേശത്ത് പഠിക്കാൻ അവസരം സിദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾക്കായി കൂടുതൽ സമയം നീക്കി വയ്ക്കുന്നതിന് പകരം സ്വന്തം കാര്യത്തിൽ കുറച്ചുകൂടി ഉത്സുകതയുണ്ടാവുന്നത് അഭികാമ്യം.
പൂയം
പൂയം നക്ഷത്രത്തിൽ ജനിച്ചവർക്ക് വിഷുഫലം അനുകൂലമാണ്. കാര്യവിഘ്നം ഒഴിഞ്ഞ് കാര്യപ്രാപ്തി ഭവിക്കും. പുതിയ കാര്യങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടുവാനാവും. സാമ്പത്തിക ലാഭം ഉണ്ടാവുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ആലോചനാപൂർവ്വം ചെയ്യുന്ന നിക്ഷേപങ്ങൾ ആദായകരമാവും. വിഭിന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന ദമ്പതികൾക്ക് ഒരിടത്തേക്ക് സ്ഥലംമാറ്റം കിട്ടുന്നതാണ്. അവിവാഹിതർക്ക് കുടുംബ ജീവിതത്തിൽ പ്രവേശിക്കാനാവും. കിടപ്പു രോഗികൾക്ക് ആശ്വാസമുണ്ടാവാൻ സാധ്യത കാണുന്നു. പുതുവാഹനം വാങ്ങുന്നതാണ്. പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം സംജാതമായേക്കും.
ആയില്യം
വിഷുഫലം ആയില്യം നാളുകാർക്ക് നല്ലഫലങ്ങൾക്ക് കാരണമാവും. വിൽക്കാതെ കിടന്ന പൂർവ്വികമായ വസ്തു വിൽക്കാനാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതി ഉണ്ടാകാം കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തു നിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും.കടബാധ്യതകൾ ഭാഗികമായി വീട്ടാനാവും. മക്കളുടെ ഭാവിസംബന്ധിച്ച ഉൽക്കണ്ഠകൾക്ക് പരിഹാരം തെളിയുന്നതാണ്. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. ധനപരമായ ശോച്യതയ്ക്ക് ഒട്ടൊക്കെ അയവുണ്ടാവും. സർവ്വീസിൽ നിന്നും പിരിഞ്ഞിട്ടും ആനുകൂല്യങ്ങൾ കിട്ടാത്തവർക്ക് അവ വൈകാതെ കൈവരും. ചിരകാലമായി ആഗ്രഹിച്ച ക്ഷേത്രങ്ങൾ കാണാനും പ്രാർത്ഥിക്കാനും സാധിച്ചേക്കും.
മകം
മകം നക്ഷത്രക്കാർക്ക് കാലം അനുകൂലമാണ്.അവിചാരിതമായി ധനലാഭമുണ്ടാകും. വിദ്യാര്‍ഥികൾക്ക് ഉപരിപഠനത്തിന് സാധ്യതയുണ്ട്. പഴയകാല സുഹൃത്തുക്കളുമായി സമാഗമത്തിനവസരം ലഭിക്കും. കുകുടുംബത്തില്‍ സമാധാനം ഉണ്ടാകും. രോഗശമനം ഉണ്ടാകും സ്ഥിരമായ ജോലി ലഭിക്കും. കരാർ പണികൾ സ്ഥിരപ്പെടുന്നതാണ്. ഏജൻസി, കമ്മീഷൻ വ്യാപാരം ഇവയിലൂടെ ധനാഗമം ഉയരും. സമ്പാദ്യശീലം വർദ്ധിക്കും. ജീവിതശൈലീ രോഗങ്ങളെ മരുന്നിലൂടെ ക്രമീകരിക്കാനാവും. പ്രണയം സഫലമാവുന്നതാണ്. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണം.
പൂരം
വിഷുഫലമനുസരിച്ച് പൂരം നാളിൽ ജനിച്ചവർക്ക് ധാരാളം നേട്ടങ്ങളും ഭൗതികസുഖങ്ങളും അനുഭവത്തിലാവും. സാമ്പത്തികമായ ശോച്യതയ്ക്ക് മാറ്റം വരുന്നതാണ്. അടഞ്ഞുപോയ ആദായമാർഗ്ഗങ്ങൾ തുറന്നുകിട്ടും. തടസ്സങ്ങളെ പ്രത്യുല്പന്നമതിത്വം കൊണ്ട് മറികടന്നേക്കും. പകുതിയിൽ നിന്നുപോയ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് കയറിത്താമസം സാധ്യമാവുന്നതാണ്. വിദേശത്തു പോകാൻ അവസരം സംജാതമാകും. ഉപരിപഠനത്തിന് ആശിച്ച വിഷയത്തിൽ പ്രവേശനം നേടും. ശയ്യാവലംബികളായവർക്ക് ചികിൽസാമാറ്റം കൊണ്ട് ഗുണമുണ്ടാവും.കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീർഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും.സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർ പ്രശസ്തി നേടും.
ഉത്രം
ഉത്രം നാളിന് വിഷുഫലം ഗുണപ്രദമാണ്. തൊഴിൽ രംഗത്ത് വളർച്ച പ്രകടമാവും. നവീകരിച്ച സ്വന്തം സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. വായ്പ നേടാനുള്ള ശ്രമം വിജയം കാണും. മുൻപ് വാങ്ങിയ കടം ഭാഗികമായി വീട്ടാനാവും. തൊഴിലന്വേഷണം ഫലവത്താകും. സ്വകാര്യ സ്ഥാപനത്തിൽ അർഹതയുള്ള ജോലി ലഭിക്കുന്നതാണ്. പിരിഞ്ഞുകഴിഞ്ഞ ദമ്പതികൾക്ക് വീണ്ടും ഇണങ്ങിച്ചേരാനാവും. അയൽതർക്കങ്ങൾ പരിഹരിക്കപ്പെടും. സഹോദരർക്കൊപ്പം കഴിഞ്ഞിരുന്ന മാതാപിതാക്കളെ സ്വന്തം ഭവനത്തിൽ കൊണ്ടുവന്ന് താമസിപ്പിക്കാനാവും. നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ രേഖകൾ/ആധാരം എന്നിവ തിരികെക്കിട്ടുന്നതാണ്. പൊതുവേ സമാധാനം അനുഭവപ്പെടും.
അത്തം
വിഷുഫലം അത്തം നാളുകാർക്ക് ഏറ്റവും ശ്രേയസ്കരമാണ്.പൂര്‍വികസ്വത്തു ലഭിക്കുവാൻ യോഗമുള്ള കാലമാണ്. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കാൻ സന്നദ്ധത കാട്ടും. ആത്മവിശ്വാസം തുണയായുണ്ടാവും. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ എന്നിവ പഠിക്കാൻ സാധിക്കും. അവയുടെ പ്രയോജനം കൈവരും. വിപണന തന്ത്രങ്ങൾ ഫലം കാണുന്നതാണ്. വിദേശത്തു പഠിപ്പ് /തൊഴിൽ അവസരം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. കലാസാഹിത്യ പ്രവർത്തനങ്ങളിൽ അംഗീകാരമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ സാമാന്യം തൃപ്തിയുണ്ടാവും.യാത്രകള്‍ക്കിടയില്‍ വീഴ്ച, പരുക്കു ഇവയുണ്ടാകുവാൻ സാധ്യത.
ചിത്തിര
ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹങ്ങൾക്ക് സാധ്യതയുണ്ട്.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക് സാധ്യത. അകാരണമായ ഭയം പിടിപെടാം. പരമ്പരാഗതമായി വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആദായം കുറയാം. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വിദേശത്തുപോകാനുള്ള ശ്രമം ഫലവത്താകും. പ്രമുഖരുടെ പിന്തുണ സഹായകമാവും. വ്യവഹാരങ്ങളിൽ വിജയിക്കുന്നതാണ്. തടസ്സപ്പെട്ടിരുന്ന ഗൃഹനിർമ്മാണം പൂർത്തിയാക്കും. പിതൃ-പുത്ര ബന്ധം രമ്യമാവും. സകുടുംബം വിനോദയാത്ര നടത്തുന്നതാണ്.വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും
ചോതി
ചോതി നക്ഷത്രക്കാർ സമ്മിശ്രമായ ഫലങ്ങൾ അനുഭവിക്കുന്നതാണ്. പൂട്ടിയ സ്ഥാപനം അറ്റകുറ്റപ്പണി നടത്തി വീണ്ടും തുടങ്ങുന്നതിന് സാധിക്കും. തുടർവിദ്യാഭ്യാസം ആശയ്ക്കൊത്തവിധം നടക്കും. ബന്ധുവിരോധം പരിഹൃതമാവും. പിതൃ-പുത്രബന്ധം കൂടുതൽ ദൃഢമാവുന്നതാണ്. അവിവാഹിതർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിച്ചേക്കും. ചിട്ടി, ഇൻഷ്വറൻസ്, മുൻകുടിശ്ശിക, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ജന്മനാട്ടിലെ വീട് പുതുക്കാനും ഇടക്കിടെ പോയി തങ്ങാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ / പ്രമോഷൻ വന്നെത്തും. അർഹമായ വേതനം ലഭിക്കുന്നതാണ്. ഉദ്യോഗാർഥികൾ ഇന്‍റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് കുടുംബത്തിൽ നിന്ന് അംഗീകാരം ലഭിക്കും.
വിശാഖം
വിഷഫലം അനുസരിച്ച് വിശാഖം നാളുകാർക്ക് ഗുണക്കുറവുള്ള കാലമാണ്. മുൻപെടുത്ത തീരുമാനങ്ങളിൽ നിന്നും പിന്മാറിയേക്കും. വസ്തുക്കൾ സംബന്ധിച്ച വ്യവഹാരം വിചാരിച്ചതുപോലെ പര്യവസാനിക്കണമെന്നില്ല. ആത്മവിശ്വാസത്തിന് കുറവു വരാം.
ചെറിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ നിർബന്ധം ചെലുത്തേണ്ട സ്ഥിതിയുണ്ടായേക്കും. മേലധികാരികളുടെ വിശ്വാസമാർജ്ജിക്കാൻ കഴിഞ്ഞേക്കില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിക്കാം. കൂട്ടുബിസിനസ്സുകൾ കരുതിയ പോലെ ആദായകരമാവില്ല. അന്യദേശത്തുനിന്നും ജന്മദേശത്തേക്ക് വരാനും പുതുസംരംഭങ്ങൾ തുടങ്ങാനും കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാവും. സുഹൃൽ / ബന്ധു കലഹങ്ങളിൽ മൗനം പാലിക്കുന്നതാണ് നല്ലത്.
അനിഴം
വളരെ നല്ലഫലങ്ങൾ ഉണ്ടാവുന്ന വർഷമാണ്, വിഷുഫലമനുസരിച്ച്. അധികാരേച്ഛുക്കൾക്ക് ആഗ്രഹിക്കുന്ന പദവികൾ കൈവരും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. വിദ്യാഭ്യാസപരമായി ഉയർച്ചയുണ്ടാവും. കലാപ്രവർത്തനങ്ങൾ അഭംഗുരമായി നടക്കാൻ സാഹചര്യം ഒത്തിണങ്ങുന്നതാണ്. സന്താനപ്രാപ്തിയില്ലാതെ വിഷമിക്കുന്നവർക്ക് ശുഭഫലങ്ങളുണ്ടാവും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനം അനുസരിച്ച് പ്രവർത്തിക്കും. മക്കളുടെ കാര്യത്തിലുള്ള ചില ഉൽക്കണ്ഠകൾക്ക് വിരാമമാവും. നീണ്ടകാലമായി രോഗശയ്യയിലായവർക്ക് ചികിൽസാ മാറ്റം ഗുണകരമാവും.വീടോ വസ്തുവോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യനാട്ടിൽ ജോലി തേടുന്നവർക്ക് അർഹതയുള്ള അവസരം തുറന്നുകിട്ടുന്നതാണ്.
തൃക്കേട്ട
മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും
ഉദ്യമങ്ങൾ വിജയിക്കുന്നതാണ്.
സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ബിസിനസ്സിൽ വിപണനതന്ത്രങ്ങൾ പ്രയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കും. പൊതുപ്രവർത്തനത്തിൽ വിജയം വരിക്കും. ഉദ്യോഗസ്ഥരുടെ ഏകോപന സിദ്ധിയും സംഘാടന വൈഭവവും അഭിനന്ദിക്കപ്പെടും. കരാറുകൾ സ്ഥിരപ്പെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി കൈവരും. ധനശോച്യതയാൽ നിർത്തിവെച്ച ഗൃഹനിർമ്മാണം പൂർത്തിയാക്കുവാനും കയറിത്താമസിക്കാനും സാധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും.ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർ…
മൂലം
കണ്ടകശ്ശനിക്കാലമുണ്ടെങ്കിലും വിഷുഫലത്തിൻ്റെ അനുകൂലതയാൽ കാര്യങ്ങൾ വരുതിയിലാവും. സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാനും മുഖം നോക്കാതെ പ്രവർത്തിക്കാനും സാധിക്കുന്നതാണ്. ലക്ഷ്യം നിശ്ചയിച്ച് അതിലേക്കെത്താൻ കഴിഞ്ഞേക്കും. മനസ്സിൻ്റെ ഉന്മേഷവും പുതിയ കാര്യങ്ങൾ അറിയാനുള്ള ഉത്സുകതയും കഠിനാധ്വാനവും വിജയത്തിലേക്ക് നയിക്കുന്നതാണ്. സംഘടനയിലും പ്രസ്ഥാനത്തിലും തിളങ്ങുന്നതാണ്. ദാമ്പത്യത്തിലും സൽഫലങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കുന്നതിന് സന്ദർഭമുണ്ടാവും. വിദേശധനം കരഗതമാവും. ഉന്നതബിരുദം കരസ്ഥമാക്കാൻ കാലം ഹിതകരമാണ്. വ്യവസായ പുരോഗതി, ഉദ്യോഗത്തിൽ അഭ്യുദയം ഇവ യാഥാർത്ഥ്യമാവും.
പൂരാടം
പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്ന വർഷമാവും. എന്നാൽ നേട്ടങ്ങൾ യാദൃച്ഛികമാവില്ല. ആസൂത്രണ മികവും നിരന്തര പ്രയത്‌നവും വിജയഘടകങ്ങളാവും. ഭൂമിയിൽ നിക്ഷേപം നടത്താനും ലാഭം ഉണ്ടാക്കാനും സാഹചര്യം അനുകൂലമാണ്. ചെറുപ്പക്കാരുടെ പ്രണയം വിവാഹത്തിലൂടെ സഫലമാവുന്നതാണ്. ചെറുസംരംഭങ്ങളിൽ ഏർപ്പെട്ടവർക്കും ഇക്കാലം ഗുണകരമാണ്. മികച്ച നേട്ടങ്ങൾ കൈവരിച്ചതിനാൽ തൊഴിലിടത്തിൽ ആദരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് അനുദിക്കിൽ ഉപരിപഠനം സാധകമാവും. സന്താനജന്മത്താൽ ധന്യത അനുഭവിക്കും. കടബാധ്യതകൾ ഖണ്ഡശയായി കൊടുത്തുതീർക്കാൻ കഴിഞ്ഞേക്കും. ശയ്യാവലംബികൾക്ക് ചികിൽസാമാറ്റം മൂലം ആശ്വാസം വരുന്നതാണ്.
ഉത്രാടം
ധനുക്കൂറിലെ ഉത്രാടം നാളുകാർക്ക് കണ്ടകശനിയുണ്ട്. മകരക്കൂറിലെ ഉത്രാടം നാളുകാർക്ക് ഏഴര ശ്ശനിക്കാലം അവസാനിച്ചു കഴിഞ്ഞു. വിഷുഫലം കൂറേതായാലും ഉത്രാടം നാളുകാർക്ക് വളരെ നന്മകൾ സൃഷ്ടിക്കുന്നതാണ്. ഉദ്യോഗസിദ്ധി കൈവരും. സാമൂഹികമായ അവഗണനകൾക്ക് അവസാനം ഉണ്ടായേക്കും. പുതുകാര്യങ്ങൾ തുടങ്ങുന്നതിന് സർക്കാർ അനുമതി ലഭ്യമാവുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾ ഒട്ടൊക്കെ പരിഹരിക്കപ്പെടും. സുഹൃൽ ബന്ധങ്ങൾ ദൃഢമാവുന്നതാണ്. വീടുപണി പൂർത്തിയാക്കി താമസം ആരംഭിക്കാനാവും. ഭൗതിക തൃഷ്ണകൾ പുലർത്തുമ്പോഴും പരപുച്ഛവും അഭ്യസൂയയും പുലർത്തില്ല. ആത്മീയമായ സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്. മക്കളുടെ ശ്രേയസ്സിൽ അഭിമാനമുണ്ടാവും.
തിരുവോണം
വിഷുഫലം അനുസരിച്ച് അനുകൂലമായ വർഷമാണ്. ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ കൈവരിക്കാനാവും. തൊഴിൽ രംഗത്ത് അപരാജിതത്വം തുടരുന്നതാണ്. ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. ഏകോപനം കുറ്റമറ്റതാവും. നേതൃപദവിയിലേക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം വന്നെത്തുന്നതാണ്. വിദേശത്തുകഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും സ്വന്തമായ വരുമാന മാർഗങ്ങൾ കണ്ടെത്താനുമാവും. കുടുംബ വൃത്തങ്ങളിൽ സ്വീകര്യതയേറുന്നതാണ്. പുതുതലമുറയ്ക്ക് മാതൃകയാവത്തക്ക വിധമുള്ള കർമ്മങ്ങൾ ആവിഷ്കരിച്ച് അവയിൽ വ്യാപൃതരാവും. ഭൂമി, സ്വർണം ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനാവും. ഗാർഹിക സുഖം ആസ്വദിക്കുന്നതാണ്.
അവിട്ടം
മകരക്കൂറുകാർക്ക് ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർ രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. വിഷുഫലത്തിൽ അവിട്ടത്തിന് ദോഷാനുഭവങ്ങളാണ് അധികവും പ്രവചിക്കപ്പെടുന്നത്. കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരാം. പൂർണ്ണമായ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യമങ്ങളിൽ വിജയം നേടാൻ കഴിയൂ! സഹായ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടും. സമയോചിതമായ ഇടപെടലുകൾക്ക് കഴിയാതെ വന്നേക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ്. പുറമേ നിന്നുള്ള ശത്രുവല്ല, പലപ്പോഴും താൻ തന്നെ തനിക്ക് ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ നിന്നും പിൻതിരിയുക ഉചിതമായിരിക്കും.
ചതയം
ബന്ധുജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. തീരുമാനങ്ങൾ കൈക്കൊള്ളാൻ പലപ്പോഴും കൂടുതൽ സമയം എടുത്തേക്കും.പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. ഭക്ഷണ സുഖം കുറയും. എല്ലുകൾക്കും പല്ലുകൾക്കും രോഗ സാധ്യത. ഇഷ്ടമില്ലാഞ്ഞിട്ടും പരാശ്രയത്വം അനിവാര്യമാവും – ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബ ബഡ്ജറ്റ് കൈപ്പിടിയിൽ ഒതുങ്ങിയേക്കില്ല. കായികാധ്വാനമുള്ള ജോലികളിൽ നിന്നും നേട്ടങ്ങൾ വരാം. കമ്മീഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ദിവസ വേതനക്കാർക്ക് എന്നും ജോലി ലഭിക്കും. കരാറുകളിലൂടെ സാമ്പത്തികം പ്രതീക്ഷിക്കാം. പാരമ്പര്യചികിത്സകൾ ഫലവത്താകുന്നതാണ്. വിദേശത്തു കഴിയുന്നവരുടെ വിസാ പ്രശ്നങ്ങൾ വർഷമധ്യത്തിൽ പരിഹൃതമാവും.
പൂരൂരുട്ടാതി
പലതരം സമ്മർദ്ദങ്ങളിലാണ് പൂരൂരുട്ടാതി നാളുകാർ ഇപ്പോൾ. വിഷുഫലവും കൂടി വിപരീതമാവുന്നു. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടുന്ന കാലഘട്ടമാണ്.തൊഴിലിനായുള്ള പരിശ്രമങ്ങളിൽ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി അപവാദം കേൾക്കേണ്ടതായി വരും.ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാം. വലിയ അധ്വാനത്തിന് ചിലപ്പോൾ പ്രതിഫലം വളരെക്കുറവായി ലഭിച്ചെന്നു വരാം. വിഹിതമായ സ്ഥാനക്കയറ്റം നീളുന്ന സ്ഥിതിയുണ്ടായേക്കും. സാമ്പത്തികമായി വളരെ കരുതൽ വേണം. സൈബർ ചതിക്കുഴികളിൽ വഞ്ചിതരാവുന്നത്. കുടുംബ ജീവിതത്തിൽ അനുരഞ്ജനം ആവശ്യമാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് മുതിരരുത്.വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്.ഗൃഹത്തില്‍ മംഗളകർമങ്ങൾ നടക്കും.
ഉത്രട്ടാതി
ജന്മശനിക്കാലമാണ് നടക്കുന്നത് എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. കർമ്മമേഖലയിൽ സ്വാതന്ത്ര്യം ഉണ്ടാവും. സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളർ സ്വീകരിക്കുന്നതാണ്. എന്നാൽ ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ ഇടപാടുകൾ നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം. നിലവിലുള്ള വ്യവഹാരങ്ങൾ തീർത്തും ഒഴിവാവില്ല. കിട്ടേണ്ട തുക മുഴുവൻ കിട്ടണമെന്നില്ല. ഗൃഹനിർമ്മാണത്തിൻ്റെ പുരോഗതി മന്ദഗതിയിലാവും. വയോജനങ്ങൾക്ക് താത്കാലികമായി ജന്മനാട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഭവിക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യ പരിശോധന എന്നിവ അനിവാര്യമാണെന്നത് മറക്കരുത്.
രേവതി
രേവതി നക്ഷത്രത്തിൽ ജനിച്ചവർക്ക് നേട്ടങ്ങൾ സംജാതമാകുന്ന കാലഘട്ടമാണ്. കർമ്മരംഗത്തും തൊഴിൽ രംഗത്തും വളർച്ച പ്രകടമാവും. മാനസിക സന്തോഷം വർധിക്കും.കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധുഗുണമനുഭവിക്കും.യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടതയ്ക്ക് സാധ്യതയുണ്ട്. 1 അകലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ അർഹതക്കൊത്ത നിയമനം ലഭിക്കും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ ഏർപ്പെട്ട നിയമ പ്രശ്നങ്ങൾ പരിഹൃതമാവും. ധനവ്യയം കൂടാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം.വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.