കളക്ടർ ഇടപെട്ടു, ജില്ലാ ജഡ്ജിയും നേരിട്ടെത്തി; അപൂ‍ർവ റെക്കോർഡുമായി അങ്ങാടിക്കുരുവി തടവിൽ നിന്ന് പുറത്തേക്ക്

Advertisement

കണ്ണൂർ: കോടതി ഉത്തരവിനെ തുടർന്ന് സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിപ്പോയ അങ്ങാടിക്കുരുവിക്ക് ഒടുവിൽ മോചനം. ജില്ലാ കളക്ടറുടെയും ജില്ലാ ജഡ്ജിയുടെയും നേരിട്ടുള്ള ഇടപെടലിൽ, കണ്ണൂർ ഉളിക്കലിലെ കടയുടെ പൂട്ട് തുറന്നു. പുറത്തിറങ്ങാൻ കഴിയാതെ രണ്ട് ദിവസമായി കുരുങ്ങിപ്പോയ കുരുവി വാനിലേക്ക് പറന്നകന്നു.

കേസും നൂലാമാലകളും മാറി നിന്നതോടെ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കടയുടെ പൂട്ട് തുറന്ന് അങ്ങാടിക്കുരുവിയെ തുറന്നുവിട്ടത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കേസായപ്പോഴാണ് ഹൈക്കോടതി നിർദേശത്തിൽ ഉളിക്കൽ ടൗണിലെ തുണിക്കട ആറ് മാസം മുൻപ് പൂട്ടി സീൽ ചെയ്തത്. ഈ കടയുടെ ചില്ലുകൂടിനും ഷട്ടറിനും ഇടയിലാണ് രണ്ടു ദിവസം മുമ്പ് അങ്ങാടിക്കുരുവി പെട്ടുപോയത്.

നിയമക്കുരുക്കുള്ളതിനാൽ ചില്ലു തകർത്ത് രക്ഷിക്കാനും വയ്യ. പൂട്ട് തുറക്കാനാകാതെ നാട്ടുകാർ നിസ്സഹായരായി. കേസ് ആയതിനാൽ വനം വകുപ്പിനും ഫയർ ഫോഴ്സിനും ഇടപെടാനുമായില്ല. ഇതോടെ കൊടുചൂടിൽ ചില്ലുകൂട്ടിൽ കുരുവി വാടി തളർന്നു. നാട്ടുകാർ നൂലിൽ കെട്ടി വെള്ളവും അരിയും നൽകി. നിയമവ്യവഹാരങ്ങളിൽ കുരുക്കിലായ കുരുവി വാർത്തയായതിനു പിന്നാലെ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇടപെട്ടു.

പഞ്ചായത്ത്‌ സെക്രട്ടറിക്ക് കട തുറക്കാൻ നിർദേശം നൽകി. ജില്ലാ ജഡ്ജി നിസാർ അഹമ്മദും ഇടപെട്ടു. ഹൈക്കോടതിയിൽ വിവരം അറിയിച്ചു. ജഡ്ജി നേരിട്ട് ഉളിക്കലിൽ എത്തി. കുരുവിയെ തുറന്നുവിട്ടതോടെ ഒരു കിളിക്ക് വേണ്ടി യോടിയ നാട്ടുകാർക്കും സന്തോഷം. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ, ജില്ലാ മജിസ്‌ട്രെറ്റിൻറെ നിർദേശത്തിൽ തടവുകാലം കഴിഞ്ഞിറങ്ങിയ അപൂർവ റെക്കോർഡുമായി അങ്ങാടിക്കുരുവി സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.