ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പിടിയിലായ സുല്‍ത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണി, മൂന്നര കിലോ എവിടെ?

Advertisement

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് പിടിയിലായ സുല്‍ത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണെന്ന് എക്സൈസ്.

സുല്‍ത്താൻ കഞ്ചാവ് കൂടുതലും ഇന്ത്യയിലേക്ക് എത്തിച്ചത് മലേഷ്യ, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നും എക്സൈസ് കണ്ടെത്തി.

മലേഷ്യയില്‍ നിന്ന് സുല്‍ത്താൻ എത്തിച്ചത് 6.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ്. എന്നാല്‍ തസ്ലീമയില്‍ നിന്ന് പിടികൂടിയത് 3 കിലോ കഞ്ചാവാണെന്നും 3.5 കിലോ ആർക്ക് കൈമാറി എന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സുല്‍ത്താൻ്റെ വിദേശയാത്ര വിവരങ്ങള്‍ ശേഖരിക്കുമെന്നും എക്സൈസ് പറ‍ഞ്ഞു. മലേഷ്യ യാത്രയ്ക്കു ശേഷം സുല്‍ത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ടാണെന്നും വിദേശയാത്ര ഇലക്‌ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങാൻ എന്ന പേരിലായിരുന്നുവെന്നും എക്സൈസ് കണ്ടെത്തി.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്സൈസിന് ലഭിച്ചിരുന്നു.

സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്‌ലീമയെ പിടിച്ചതിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.