ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു.
ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നും എക്സൈസിന് വിവരം ലഭിച്ചു. നടന്റെ പെണ്‍ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.
പെണ്‍ സുഹൃത്ത് മാസങ്ങള്‍ക്ക് മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയില്‍ എത്തിയത് ഇവർ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരില്‍ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവർ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യും. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവില്‍ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ.