കളിക്കിടെ എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചരവയസ്സുകാരന്‍ മരിച്ചു

486
Advertisement

മാവേലിക്കര: അവധിക്ക് അമ്മവീട്ടിലെത്തിയ അഞ്ചരവയസ്സുകാരന്‍ എര്‍ത്ത്‌വയറില്‍ നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്-ശ്യാമ ദമ്പതികളുടെ മകന്‍ ഹാമിന്‍ ആണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ ശ്യാമയുടെ അച്ഛന്‍ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴം വീട്ടില്‍ ശിവാനന്ദനന്റെ സഹോദരന്‍ രാജന്റെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കുഴിയാനയെ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹാമിനും സഹോദരി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹാമിയും ഒരാഴ്ച മുന്‍പാണ് അമ്മവീട്ടിലേക്ക് എത്തിയത്. ഈ വീടിനോടു ചേര്‍ന്നാണ് രാജന്റെ വീട്. വീടിന്റെ ഭിത്തിയോട് ചേര്‍ന്നായിരുന്നു എര്‍ത്ത്വയര്‍. അബദ്ധത്തില്‍ കമ്പിയില്‍ തൊട്ട കുട്ടിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
സമീപവാസി കൊച്ചുമോന്‍ എത്തിയപ്പോഴാണ് കുട്ടി മുറ്റത്ത് കമഴ്ന്നു കിടക്കുന്നതു ശ്രദ്ധയില്‍പെട്ടത്. വീട്ടിലെ ഫ്രഡ്ജിന്റെ തകരാറാണ് എര്‍ത്ത് വയറിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ കാരണമെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഹാമിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഖത്തറിലുള്ള അച്ഛന്‍ ഹാബേല്‍ എത്തിയ ശേഷം. പെരിങ്ങര പഞ്ചായത്ത് ജീവനക്കാരിയാണ് അമ്മ ശ്യാമ.

Advertisement