കോഴിക്കോട്. ഈങ്ങാപ്പുഴയിലെ ഷിബില കൊലപാതകത്തിൽ താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. സ്റ്റേഷൻ പി ആർ ഒ കൂടിയായ നൗഷാദ് ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തലിലാണ് നടപടി. ഭർത്താവ് യാസിറിന്റെ ശല്യത്തെപ്പറ്റി പോലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
ലഹരിക്കടിമയായ ഭർത്താവ് യാസിറിൻ്റെ ശല്യം സഹിക്കാൻ കഴിയാതെ കഴിഞ്ഞമാസം 28നാണ്, ഷിബില താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. രണ്ടുപേരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയതല്ലാതെ, കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
കുടുംബത്തിൻറെ ആരോപണത്തിന് പിന്നാലെയാണ് പോലീസിന്റെ വകുപ്പ് തല നടപടി. താമരശ്ശേരി ഗ്രേഡ് എസ് ഐ യും സ്റ്റേഷൻ പി ആർ ഒയുമായ നൗഷാദിനെയാണ് സസ്പെൻ്റ് ചെയ്തത്. ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയ റൂറൽ എസ് പി കെ ഇ ബൈജു സസ്പെൻഷൻ ഓർഡർ നേരിട്ട് കൈമാറി എന്നാണ് വിവരം.
യാസിറിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഷിബിലയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയത്. അതേസമയം, പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ശേഷം സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുക്കും.
.






































