ഹണിട്രാപ്പില്‍ പെടുത്തി കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍

767
Advertisement

പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചെല്ലാനം സ്വദേശിനി പി.അപര്‍ണയാണ് (23) ഞായറാഴ്ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശി ജിതിനുമായി സമൂഹമാധ്യമം വഴിയുള്ള ബന്ധമാണ് അപര്‍ണയെ തട്ടിപ്പിന്റെ ഭാഗമാക്കിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അപര്‍ണയ്ക്കു പണം അത്യാവശ്യമുണ്ടെന്നു ജിതിനോടു പറഞ്ഞിരുന്നു. ജിതിന്‍ നിര്‍ദേശിച്ച പ്രകാരം ഹണിട്രാപ്പില്‍ വീഴ്ത്തി കവര്‍ച്ച ചെയ്യാനാണെന്ന് അറിഞ്ഞാണ് അപര്‍ണ നാട്ടിലെത്തിയത്. തന്റെ മൊബൈല്‍ ഫോണിലാണു നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതെന്നു കൊഴിഞ്ഞാമ്പാറ പൊലീസിനു അപര്‍ണ മൊഴിനല്‍കി. ഹണി ട്രാപ് കവര്‍ച്ചയില്‍ കഴിഞ്ഞദിവസം മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.

Advertisement