മെഡി. കോളജില്‍ ശരീരഭാഗം മോഷണം പോയ സംഭവം…. ജീവനക്കാരുടേത് ഗുരുതര വീഴ്ച; ആരോഗ്യമന്ത്രി റിപ്പോര്‍ട്ടു തേടി

410
Advertisement

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജിലെ പത്തോളജി ലാബിന് സമീപത്തു നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവത്തില്‍ ഡിഎംഇയോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡിഎംഇക്ക് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആശുപത്രി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആംബുലന്‍സില്‍ ലാബിലേക്ക് കൊണ്ടു പോകുന്ന ശരീരഭാഗങ്ങള്‍ ലാബ് കൗണ്ടറിലെത്തിച്ച് രജിസ്റ്റര്‍ ചെയ്ത് നമ്പരിട്ടാണ് കൊണ്ടു പോകുന്ന ജീവനക്കാര്‍ മടങ്ങേണ്ടത്. അത് ചെയ്യാതെ ശരീരഭാഗങ്ങള്‍ ലാബിന് പുറത്ത് വച്ചതിലാണ് ഗുരുതര വീഴ്ചയുണ്ടായത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ശരീരഭാഗങ്ങള്‍ അടങ്ങിയ ബോക്‌സ് മോഷണം പോയത്. ഓപ്പറേഷന്‍ തിയേറ്ററുകളായ എ, ബി, കാര്‍ഡിയോ തൊറാസിക് വാസ്‌കുലര്‍ വിഭാഗം എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെ ശരീരഭാഗങ്ങളാണ് മൂന്ന് ബക്കറ്റുകളിലായി പത്തോളജി ലാബിലേയ്ക്ക് കൊണ്ടുപോയത്.
മോഷണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി ഈശ്വര്‍ ചന്ദ് മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായി. ഇയാളുടെ വെളിപ്പെടുത്തല്‍ ജീവനക്കാരുടെ വീഴ്ചയെ ബലപ്പെടുത്തുകയാണ്. പത്തോളജി ലാബിലേക്ക് പോകുന്ന വഴിയില്‍ നിന്നാണ് ആക്രി സാധനങ്ങളെന്ന് കരുതി അവയവങ്ങളടങ്ങിയ ബക്കറ്റ് എടുത്തതെന്നാണ് ഈശ്വര്‍ ചന്ദ് നല്കിയ മൊഴി. ലാബ് കൗണ്ടറില്‍ ഏല്‍പ്പിക്കേണ്ടവ എന്തിന് വഴിയില്‍ വച്ചു എന്നത് ദുരൂഹമാണ്.
പരിശോധനയ്ക്ക് അയക്കുന്ന അവയവങ്ങള്‍ നിലത്ത് വീണാല്‍ പോലും പരിശോധന യോഗ്യമല്ലായെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മോഷണം പോയ അവയവങ്ങളുടെ ഉടമകളായ രോഗികളുടെ രോഗനിര്‍ണയം കൃത്യതയോടെ നടത്താനാകുമോ എന്നതില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.
ഈശ്വര്‍ ചന്ദിനെ അതിക്രമിച്ച് കടക്കല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement