തിരുവനന്തപുരം. സിപിഐഎമ്മിലെ വിവാദങ്ങൾക്കിടെ കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുതിർന്ന സി.പി.ഐ എം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. പ്രതിപക്ഷനേതാവ് വി.ഡി സതീശനൊപ്പമാണ് ജി. സുധാകരൻ വേദി പങ്കിടുക. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷമാണ് പരിപാടി. നാളെ വൈകുന്നേരം 4.30ന് തിരുവനന്തപുരത്ത് സത്യൻ സ്മാരക ഹാളിൽ വച്ച് പരിപാടി നടക്കും.
മൊഴിയും വഴിയും – ആശയ സാഗരസംഗമം എന്ന പേരിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കാനാണ് ജി സുധാകരൻ എത്തുക. വി.എം സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുക്കുന്ന യോഗത്തിൽ മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരനും പങ്കെടുക്കും. സംസ്ഥാന സമ്മേളനത്തിന് ശേഷം സി.പി.ഐ എമ്മിലെ പ്രായപരിധി വിഷയത്തിൽ ജി. സുധാകരൻ അതൃപ്തി അറിയിച്ചിരുന്നു. പലരും പ്രായം മറച്ചുവെച്ച് സംസ്ഥാന കമ്മിറ്റിയിൽ തുടരുന്നു എന്നായിരുന്നു ജി സുധാകരന്റെ അഭിപ്രായം. കെ.വി തോമസിനെയും രൂക്ഷമായി വിമർശിച്ച ശേഷമാണ് ജി. സുധാകരന്‍ കോൺഗ്രസ് വേദിയിലേക്ക് എത്തുന്നത്






































