വാർത്താനോട്ടം

376
Advertisement

2025 മാർച്ച് 10 തിങ്കൾ

BREAKING NEWS

?സംസ്ഥാനത്തെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോർട്ട് തേടി ഗവർണർ, സർവ്വകലാശാല വിസിമാരുടെ യോഗവും വിളിച്ചു.

?മാർക്ക് കാർണി കാനഡ പ്രധാനമന്ത്രിയാകും. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്ന് മാർക്ക് കാർണി.

?ഇടുക്കി പരുന്തുംപാറയിലെ സർക്കാർ ഭൂമി കൈയ്യേറി റിസോർട്ട് പണിത സ്വകാര്യ വ്യക്തി അവിടെ കുരിശ് സ്ഥാപിച്ചു. ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കുരിശ് സ്ഥാപിച്ചത്.

?കാസർകോട് മസ്തിക്കുണ്ടിൽ ലഹരി മാഫിയയെ കുറിച്ച്‌ വിവരം നൽകിയ യുവാവിൻ്റെ വീട് ആക്രമിച്ചു.

?നിയമസഭ സമ്മേളനം ഇന്ന് പുന:രാരംഭിക്കും. ബജറ്റ് ചർച്ചയും വോട്ടെടുപ്പും നടക്കും.

?പാർലമെൻറ് ബജറ്റ് രണ്ടാം പാദ സമ്മേളനം ഇന്ന് .മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെപ്പറ്റി കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് പ്രസ്താവന നടത്തും.

?ലഹരി ഉപയോഗം: ഇ ടുക്കി ജില്ലയിൽ പരിശോധന ശക്തമാക്കി പോലീസും, എക്സ്സൈസും.

?ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമാ മേക്കപ്മാന് ജാമ്യം ലഭിച്ചു.

? കേരളീയം ?

? സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാളേയും മറ്റന്നാളും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

? സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി നയങ്ങള്‍ക്ക് അകത്ത് നിന്നാണ് നയരേഖയെന്നും നടത്തിപ്പില്‍ സുതാര്യത ഉണ്ടാകുമെന്നും കൂടാതെ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

? സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശാന്തകുമാരിയും ആര്‍ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങള്‍.

? എല്ലാവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ സ്വീകരിച്ച് മുന്‍വിധി ഇല്ലാതെ പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

? കേരളത്തിന്റെ വികസനത്തെ കുറിച്ച് ശശി തരൂര്‍ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്ന് പറഞ്ഞ അദ്ദേഹം എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്നും അവകാശപ്പെട്ടു.

? കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നും അര്‍ഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ പോലും സഹായം നല്‍കിയില്ല. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു.

? കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ക്യാമ്പസ് ജാഗരന്‍ യാത്രക്ക് നാളെ തുടക്കമാകും. എന്‍എസ്യുഐ ദേശീയ പ്രസിഡന്റ് വരുണ്‍ ചൗധരി യാത്ര ഉദ്ഘാടനം ചെയ്യും.

? കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനും എഡിഎം നവീന്‍ ബാബുവും തമ്മില്‍, നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി. കളക്ടര്‍ അവധി നല്‍കാത്തതിലടക്കം നവീന്‍ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മൊഴി നല്‍കിയത്.

? പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ താമരശ്ശേരി മൈക്കാവ് സ്വദേശിയായ ഷാനിദ് എന്ന യുവാവ് ലഹരിമരുന്ന് വിഴുങ്ങിയതിനെ തുടര്‍ന്ന് മരണപ്പെട്ടതിന്റെ കാരണം അമിത അളവില്‍ ശരീരത്തില്‍ രാസലഹരിമരുന്ന് എത്തിയത് കൊണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

? എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ സ്‌കാന്‍ പരിശോധനയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തി. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം.

? താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ കഴിയും മുമ്പ് വകവരുത്തും എന്നായിരുന്നു ഊമക്കത്ത്.

? കാലിന് പരിക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടുകൊമ്പന്റെ ആരോഗ്യനില തൃപ്തികരം. ആനയുടെ കാലിലെ പരിക്ക് ഭേദമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അടിയന്തിര ചികിത്സയുടെ ആവശ്യമില്ലെന്ന നിലപാടിലുമാണ് നിരീക്ഷണ സംഘം.

? വാഴച്ചാല്‍ ഡിഎഫ്ഒ യുടെ നേതൃത്വത്തില്‍ ആനത്താരുകളില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ആനത്താരുകളിലെ കുപ്പിച്ചില്ല്, ഇരുമ്പ് കമ്പികള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങളാണ് ആനകളടക്കമുള്ള വന്യജീവികള്‍ക്ക് ദുരിതമാകുന്നത്.

? ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് ആക്ഷേപം. തന്ത്രിമാരുടെയും വാര്യര്‍ സമാജത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി കഴകപ്രവര്‍ത്തിയില്‍ നിയമിച്ച ബാലു എന്ന ചെറുപ്പക്കാരനെ ഓഫീസിലേക്ക് സ്ഥലംമാറ്റി.

? ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിതെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

? ആഴക്കടലില്‍ സമരസംഗമത്തിനിടെ ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദും എം ലിജുവും കടലില്‍ വീണു. കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു സമരം.

? കാസര്‍കോട് പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതിനെതിരെ വ്യാപകമായി വിമര്‍ശനം.

? താനൂരില്‍ നിന്നും പ്ലസ് ടു പെണ്‍കുട്ടികള്‍ നാടുവിട്ട കേസില്‍ കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബര്‍ റഹീമിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.

? കൊല്ലം ഇരവിപുരം വഞ്ചിക്കോവിലില്‍ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി. ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി ലഹരി വസ്തുക്കള്‍ പിടികൂടിയത്.

? കോട്ടയം ഈരാറ്റുപേട്ടയില്‍ ജലറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

? ഓപ്പറേഷന്‍ ക്ളീന്‍ സ്ലേറ്റ്’ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ നടന്ന പരിശോധനകളില്‍ എംഡിഎംഎ കൈവശം വച്ച ആറ് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു.

? പെരിഞ്ഞനത്ത് ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു. കൊറ്റംകുളം വന്‍പറമ്പില്‍ പട്ടശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് വന്ന മാറാടി ശ്രീഅയ്യപ്പന്‍ എന്ന ആനയാണ് ഇടത്തത്. ക്ഷേത്ര പറമ്പില്‍ തളച്ചിരുന്ന ആന എഴുന്നള്ളിപ്പ് തുടങ്ങുന്നതിന് മുമ്പാണ് ഇടഞ്ഞത്.

? കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

? ലഹരിക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്.

?? ദേശീയം ??

? ജമ്മുകാശ്മീരിലെ കത്വയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 3 യുവാക്കളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സൂചന.

? നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്.

? തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീന്‍പൂര്‍ പ്രദേശത്ത് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ചാര്‍ജറിനുള്ളില്‍ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. ഹോസ്റ്റല്‍ ഉടമ ബി മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

? മുംബൈയിലെ അന്ധേരിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച വന്‍ തീപിടുത്തത്തില്‍ കലാശിച്ചു. നാല് വാഹനങ്ങള്‍ കത്തി നശിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

? മണിപ്പൂരിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കാങ്പോക്പിയില്‍ കുകി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

? അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ റിപ്പോര്‍ട്ട്.

? ഭൂഗര്‍ഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പദയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് സംഭവം. ഇന്നലെ രാവിലെ 11:30 ഓടെയാണ് ദാരുണ സംഭവം നടന്നത്.

? തെലങ്കാന ടണല്‍ ദുരന്തത്തില്‍ കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേരളാ പൊലീസിന്റെ മായ, മര്‍ഫി എന്നീ കഡാവര്‍ നായ്ക്കളാണ് മൃതദേഹമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ബോറിംഗ് മെഷിന്റെ ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

?? അന്തർദേശീയം ??

? പാകിസ്താനിലേക്ക് യാത്രചെയ്യുന്നതിന് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, നിയന്ത്രണരേഖ, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ എന്നീ പ്രവിശ്യകളിലേക്കുള്ള യാത്രയ്ക്കെതിരെയാണ് യു എസ് മുന്നറിയിപ്പ് നല്‍കുന്നത്.

? യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോര്‍ണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിര്‍ സാമൂഹിക വിരുദ്ധര്‍ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്.

? ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി എലി കോഹന്‍. യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

? നാറ്റോ സഖ്യത്തില്‍നിന്നു അമേരിക്ക പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്‍കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ച് 16 ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

? ? കായികം??

? ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്.

? 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിന്റേയും മൈക്കേല്‍ ബ്രേസ്വെല്ലിന്റേയുംഅര്‍ദ്ധ സെഞ്ചുറിയുടെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു.

?മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ശേഷിക്കേ ലക്ഷ്യം മറികടന്നു.

?ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത് 76 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 46 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Advertisement