മൊബൈലിൽ രാത്രി പുതിയ സിം, മുംബൈയിൽ വിവാഹമെന്ന് നുണ; പെൺ‌കുട്ടികളുടെ നീക്കങ്ങൾ

Advertisement

മുംബൈ: താനൂരിൽ കാണാതായ പെൺകുട്ടികൾ രാത്രിയോടെ ഫോണിൽ പുതിയ സിം ഇട്ടതാണു മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിൽ നിർണായക വഴിത്തിരിവായത്. വിദ്യാർഥിനികൾ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ കേരള പൊലീസിനു ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ (സിഎസ്‍ടി) റെയിൽവെ സ്റ്റേഷൻ പരിസരത്താണു ലൊക്കേഷൻ എന്ന് മനസ്സിലാക്കി. പൊലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവ‍ർത്തകരുടെ സഹായത്തോടെ അവിടെ തെരച്ചിൽ ആരംഭിച്ചു.

രാത്രി 10.45 ആയപ്പോഴേക്കും പെൺകുട്ടികൾ സിഎസ്‍ടിയിൽനിന്ന് പുറപ്പെട്ടു. ചെന്നൈ എഗ്മോർ എക്സ്പ്രസിലാണ് കയറിയത്. പുലർച്ചെ 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണു വിദ്യാർഥിനികളെ റെയിൽവെ പൊലീസ് പിടികൂടിയത്. താനൂർ എസ്ഐയും രണ്ട് പൊലീസുകാരും രാവിലെ ആറു മണിയോടെ മുംബൈയിലേക്കു തിരിക്കും. എട്ടിന് മുംബൈയിലെത്തുന്ന ഇവർ ഒൻപത് മണിയോടെ കുട്ടികളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

വിദ്യാർഥിനികൾ മുംബൈയിലെ ഒരു സലൂണിലെത്തി മുടി ട്രിം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാണെന്നാണ് ഇവർ സലൂണിൽ പറഞ്ഞത്. ഇവരെ കൊണ്ടുപോകാൻ സുഹൃത്ത് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും എത്തുന്നതിനു മുൻപ് ഇവ‍ർ അവിടെനിന്ന് കടന്നുകളഞ്ഞു. സലൂൺ ഉടമ മലയാളിയാണ്.

പെൺകുട്ടികൾ മുബൈയിൽ എത്തിയതായി നേരത്തേതന്നെ സ്ഥിരീകരിച്ച പൊലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും കുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി. വൈകിട്ട് നാല് മണിയോടെ ഇവർ മുംബൈ സിഎസ്ടി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. വീടുകളിലേക്ക് തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നുമാണ് പെൺകുട്ടികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞത്.

വീട്ടിലേക്ക് പോകാൻ സന്തോഷമാണെന്ന് ഇരുവരും പിന്നീട് പറഞ്ഞതായി മുംബൈ പൊലീസ് അറിയിച്ചു. ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് പെൺകുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്. സ്കൂളിൽ എത്താതിരുന്നതോടെ അധ്യാപിക വീട്ടിലേക്ക് വിളിച്ച് ചോദിച്ചു. അപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.