പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്…. മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ അറസ്റ്റില്‍

454
Advertisement

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലായിരുന്നു മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയത്. വാട്സ് ആപ്പ് വഴി അബ്ദുള്‍ നാസര്‍ ചോദ്യപേപ്പര്‍ ഫഹദിന് അയച്ചുകൊടുക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അധ്യാപകരുടെ മികവുകൊണ്ടാണ് പരീക്ഷയുടെ സമാനമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നായിരുന്നു എംഎസ് സൊല്യൂഷ്യന്‍സിന്റെ വാദം.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എംഎസ് സൊല്യൂഷന്‍സ് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യപേപ്പറിനെക്കുറിച്ച് പ്രവചനമാണ് താന്‍ നടത്തിയതെന്നായിരുന്നു എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് പറഞ്ഞത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും അധ്യാപകരെയും ചോദ്യം ചെയ്തതിന് പിന്നാലെ സൈബര്‍ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശാസ്ത്രപരിശോധനയും ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. അതേ സമയം ഷുഹൈബ് പറഞ്ഞതനുസരിച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അറസ്റ്റിലായ എംഎസ് സൊല്യൂഷന്‍സ് അധ്യാപകര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി.

Advertisement