പാലക്കാട്: കൊല്ലങ്കോട്ട് കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 8 വർഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശികളായ സെബാസ്റ്റ്യൻ (36 വയസ്), പ്രിജോയ് (39 വയസ്), വിപിൻ (37 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികളിലൊരാളായ സെബാസ്റ്റ്യൻ വിചാരണ വേളയിൽ ഒളിവിൽ പോയിരുന്നു.
2016 ആഗസ്റ്റ് 29 നാണ് സംഭവം. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എം.ഓമനക്കുട്ടൻ പിള്ളയും പാർട്ടിയും ചേർന്ന് ഗോവിന്ദാപുരം- കൊല്ലങ്കോട് റോഡിൽ വച്ചാണ് കാറിൽ കടത്തിക്കൊണ്ട് വന്ന 4.2 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. തുടർന്ന് കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടറായിരുന്ന എം.സജീവ്കുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
വിചാരണക്കൊടുവിൽപാലക്കാട് സെക്കന്റ് അഡീഷണൽ കോടതി ജഡ്ജ് ഡി.സുധീർ ഡേവിഡ് ആണ് പ്രതികൾക്ക് എട്ട് വർഷത്തിന് ശേഷം ശിക്ഷ വിധിച്ചത്. എൻഡിപിഎസ് സ്പെഷ്യൽ പ്രോസീക്യൂട്ടർ ശ്രീനാഥ് വേണു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
































