കൊച്ചി. കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.
തെളിവുകളുടെ അഭാവത്തിലാണ്
കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെയും മോഡലുകളെയും കോടതി വെറുതെ വിട്ടത്. പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവുകൾ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു.
കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പ്രതികളുടെ രക്തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്‌ൻ ഉപയോഗം കണ്ടെത്താനായില്ല.
2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ മയക്ക് മരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്.






































