തൃശൂർ. അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുന്നു. ആനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും ഫലപ്രാപ്തിയിലെത്തിയില്ല. മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾക്കിടെ ഇന്നലെയാണ് ആന ഉൾക്കാട്ടിലേക്ക് വലിഞ്ഞത്. അതിനിടെ 20 അംഗ ദൗത്യസംഘത്തെ 50 അംഗമായി വിപുലപ്പെടുത്തി.
ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ഡോ അരുൺ സക്കറിയ ഇന്നലെ ദൗത്യം ആരംഭിച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും വനത്തിലേക്ക് വലിഞ്ഞ കാട്ടുകൊമ്പനെ ഇതുവരെയും കണ്ടെത്താനായില്ല. കാലടി മുനിത്തടത്ത് ആനയുടെ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനമേഖലയോട് ചേർന്ന പ്രദേശത്താണ് രാവിലെ മുതൽ പരിശോധന തുടങ്ങിയത് . എന്നാൽ ആനയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കാലടി പ്ലാന്റേഷനിലെ ഒന്നാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, പതിനേഴാം ബ്ലോക്ക്, തടിമുറി, വടംമുറി, ഫാക്ടറി ഡിവിഷൻ, കശുമാവിൻ തോട്ടം, എലിച്ചാണ്, പറയൻപാറ എന്നിവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തി. ഡ്രോൺ ഉൾപ്പടെ ഉപയോഗപ്പെടുത്തിയായിരുന്നു ഉൾവനത്തിലും സമീപ മേഖലയിലും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിൻ്റെ തെരച്ചിൽ. ആനയെ കണ്ടെത്താൻ വൈകുന്നത് ആനയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സ്ഥിതിയാണെന്നാണ് വന്യജീവി സംരക്ഷകരുടെ വാദം. അതേസമയം നാളെയും ആനക്കായുള്ള ദൗത്യം തുടരും. ചാലക്കുടിപ്പുഴയിലെ തുരുത്തിൽ നിന്ന് മാറ്റുന്നതിനായി പടക്കം പൊട്ടിച്ചതോടെയാണ് ആന ഇന്നലെ വനത്തിലേക്ക് വലിഞ്ഞത്




































