കടുവ ഷഫീഖിനെ അതിസാഹസികമായി പിടികൂടി പോലീസ്

760
Advertisement

ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പോലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) ആണ് പോലീസിന്റെ പിടിയിലായത്.
2020ല്‍ മീന്‍വണ്ടിയില്‍ കടത്തിയ 140 കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഇയാള്‍ പരോളില്‍ ഇറങ്ങി ഒളിവില്‍ പോയത്. പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി തിരികെ ജയിലില്‍ പ്രവേശിക്കാതെ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് വളഞ്ഞു. പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ കാര്‍ അപകടകരമായ വിധത്തില്‍ പിന്നോട്ടെടുത്തു. തുടര്‍ന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ സ്റ്റീഫന്‍ വി.ജി, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പിഎം മൂസ, എഎസ്ഐ വിയു. സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എയു റെജി, എംജെ. ബിനു, ഷിജോ തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement