തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിനെ മക്കള്‍ സമാധിയിരുത്തിയ സംഭവത്തില്‍ കുടുംബം ഹൈക്കോടതിയിലേക്ക്. നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ സമാധിമണ്ഡപം പൊളിച്ചു പരിശോധന നടത്താനുള്ള നടപടികള്‍ക്കെതിരെ ഭാര്യ സുലോചന, മക്കളായ രാജസേനന്‍, സനന്തന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നത്.
സമാധിയുമായി ബന്ധപ്പെട്ട പൂജകളും ചടങ്ങുകളും മറ്റും നടക്കുകയാണെന്നും ഈ സഹാചര്യത്തില്‍ കല്ലറ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. ആര്‍ഡിഒയുടെ നടപടി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുമെന്ന് അഭിഭാഷകനായ രഞ്ജിത് ചന്ദ്രന്‍ പറഞ്ഞു.
അതേസമയം, നല്ല ദിവസം നോക്കി അച്ഛന്‍ സമാധിക്കു വേണ്ടി തിരഞ്ഞെടുത്തതാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കു പിന്നില്‍ ക്ഷേത്രം തകര്‍ക്കാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢനീക്കമാണെന്നും ഗോപന്റെ മകനായ സനന്തന്‍ പറഞ്ഞു. മൂന്നു ദിവസം മുന്‍പ് തന്നെ ഇക്കാര്യം അമ്മയോട് അച്ഛന്‍ പറഞ്ഞിരുന്നു. ‘‘ഇനി മൂന്നു ദിവസം വരെയേ ഉണ്ടാകൂ എന്നാണു പറഞ്ഞത്. എന്താണെന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെനിന്ന് പോകുമെന്നും പറഞ്ഞു. തമാശയായി പറഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ സമാധിയാകുന്ന കാര്യം പറഞ്ഞിരുന്നു. അമ്മ ഇക്കാര്യം ഞങ്ങളോടു പറഞ്ഞിരുന്നു. ഞങ്ങൾ ഇതൊന്നും വലിയ ഗൗരവത്തില്‍ എടുത്തില്ല. സമാധി ദിവസം ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല; കമ്പനിയിലായിരുന്നു.
ഉച്ചയ്ക്കു പതിന്നൊരയ്ക്ക് എന്നെ വിളിച്ച് അച്ഛന് നിന്നെ കാണണമെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. ഉടന്‍ തന്നെ ഞാന്‍ വീട്ടിലേക്കു വന്നു. അപ്പോഴേക്കും അച്ഛന്‍ സമാധിയായിരുന്നു. അതു കഴിഞ്ഞ് അച്ഛന്റെ ഭൗതികശരീരം സമാധിമണ്ഡപത്തില്‍ വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അച്ഛന്‍ സമാധിയാകുന്ന വിവരം നാട്ടുകാരോടും നേരത്തേ പറഞ്ഞിരുന്നു. സമാധി ഇരുന്ന ഭൗതികശരീരം എടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി തിരിച്ചുവയ്ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിന് പിന്നെ എന്തു പവിത്രതയാണുള്ളത്.’’– സനന്തന്‍ ചോദിക്കുന്നു.
‘‘സമാധി വിഷയം വിവാദമാക്കിയതിനു പിന്നില്‍ ഒരു വിഭാഗത്തിന്റെ ഗൂഢനീക്കമാണ്. അവര്‍ ഇത് ഉപയോഗിക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ അനധികൃതമായി തള്ളിക്കയറി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രത്തിനു സമീപത്തുള്ള വസ്തു മറ്റൊരു വിഭാഗത്തില്‍പെട്ട ആളുകളുടേതാണ്. അമ്പലം അടുത്തുള്ളതിനാല്‍ ഇതു വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. നാഗരുടെ അമ്പലം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവരാണ് ഇപ്പോള്‍ പരാതിക്കാരായി വന്നിരിക്കുന്നത്.
അതുപോലെ പൊലീസില്‍ പരാതി നല്‍കിയ വിശ്വംഭരന്‍ ഞങ്ങളുടെ ബന്ധുവല്ല. അനാവശ്യമായ കാര്യങ്ങള്‍ എഴുതിയാണ് പൊലീസിനോടു പറഞ്ഞത്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിശ്വംഭരന്‍ അയല്‍വാസിയാണ്. ക്ഷേത്രത്തിന്റെ നടയില്‍ കൂടി വഴി വേണമെന്ന് വിശ്വംഭരന്‍ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. അച്ഛന്‍ ഇരുന്ന് ധ്യാനിക്കുന്ന ഭാഗമായതിനാല്‍ മറ്റൊരു ഭാഗത്തു കൂടി വഴി കൊടുക്കാമെന്നു പറഞ്ഞു. ഇതിലുള്ള വിരോധമാണ് അയാള്‍ക്കുള്ളത്.’’- സനന്തന്‍ പറഞ്ഞു.


































