പ്രണയം നടിച്ച് യുവതിയുടെ നഗ്‌ന ചിത്രം കൈക്കലാക്കിയ ശേഷം പ്രചരിപ്പിച്ച കേസ്; ഇരട്ട സഹോദരങ്ങൾ പിടിയിൽ

1354
Advertisement

മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ വീഡിയോ കോൾ വഴി കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലാകുകയായിരുന്നു.

ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർത്ഥന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സഹോദരങ്ങൾ ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയിൽ വീഡിയോ കോൾ വഴി നഗ്‌ന ചിത്രം പകർത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിന്റെ വിരോധത്തിലാണ് ഇരുവരും യുവതിയുടെ നഗ്‌ന ദൃശ്യം പ്രചരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, എ.എസ്.ഐ. ഷാജഹാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബിറലി, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

Advertisement