കണ്ണൂര്‍.എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തി റിമാൻഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകുക. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.അതിനിടെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന.






































