കണ്ണൂര്‍: പി.പി. ദിവ്യയുടെ കസ്റ്റഡിയില്‍ പോലീസിന്റെ മലക്കം മറിച്ചില്‍. പോലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
































