കണ്ണൂര്‍. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ വാദിക്കുന്നു. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയിലെ പി പി ദിവ്യയുടെ വാദങ്ങൾ ഇങ്ങനെ. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ പോയതല്ല. അന്നേദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയിൽ വച്ച് കലക്ടറാണ് തന്നെ യാത്രയയപ്പ്
ചടങ്ങിലേക്ക് ക്ഷണിച്ചത്. നാടകീയ എൻട്രിയല്ല ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാൽ വൈകിയെന്നും വാദം. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ കുരുക്കിലാക്കുന്നതാണ് ഈ വാദങ്ങൾ. യോഗത്തിൽ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കലക്ടർ ശ്രുതി. പരാമർശങ്ങളെല്ലാം സദുദ്ദേശപരം. മുൻകൂർ ജാമ്യ ഹർജിയിലും ആരോപണങ്ങൾ ആവർത്തിക്കുന്നു. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തി. നേരത്തെ ഗംഗാധരൻ എന്നയാളും സമാന പരാതി ഉന്നയിച്ചു. നവീൻ ബാബുവിനെതിരെ ഫയലുകൾ താമസിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. ഫയൽ നീക്കം വേഗത്തിലാക്കണമെന്ന ഉദ്ദേശത്തിലാണ് പരാമർശങ്ങൾ. ആരെയും മാനസികമായി വേദനിപ്പിക്കുക ലക്ഷ്യമിട്ടിരുന്നില്ല. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും ജാമ്യ ഹർജിയിൽ പി പി ദിവ്യ വാദിക്കുന്നു. അതേസമയം കണ്ണൂർ കളക്ടറേറ്റിൽ എത്തിയ അന്വേഷണസംഘം കൂടുതൽ ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു. വിവാദ പെട്രോൾ പമ്പ് എൻഒസിയുമായി ബന്ധപ്പെട്ട രേഖകളും സമാഹരിച്ചു.






































