കണ്ണൂര്‍.ജീവനൊടുക്കിയ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെതിരായ അഴിമതി ആരോപണം കെട്ടിച്ചമച്ചതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. പരാതിയിൽ മൊഴിയെടുത്തെന്ന വാദം തള്ളി വിജിലൻസ്. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും നവീൻ ബാബുവിന്റെയുംമൊഴിയെടുത്തെന്ന പ്രചാരണം തെറ്റാണെന്ന് വിജിലൻസ് വ്യക്തമാക്കി. അതേസമയം മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി. അതേസമയം പരാതിക്കാരൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് അവകാശപ്പെടുന്ന പരാതിയിൽ വിശ്വാസ്യത ഇല്ലെന്ന് കോൺഗ്രസ് ആരോപിച്ചു.
എഡി എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് കൈക്കൂലി പരാതി നൽകിയെന്ന അവകാശവാദം പെട്രോൾ പമ്പിന് NOC നേടിയ ടി വി പ്രശാന്തൻ ഉന്നയിച്ചത്. ഈ മാസം ആറിന് കൈക്കൂലി നൽകിയെന്നും എട്ടാം തീയതി NOC ലഭിച്ചെന്നും വാദം. പത്താം തീയതി മുഖ്യമന്ത്രിക്ക് പരാതി അയച്ചെന്നും അവകാശവാദം. എന്നാൽ പരാതി നൽകിയതിന്റെ തെളിവുകൾ ഒന്നുമില്ല. വിജിലൻസ് കണ്ണൂർ യൂണിറ്റിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ആരുടെയും മൊഴി രേഖപ്പെടുത്തുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ അന്വേഷണം തുടങ്ങിയെന്ന പ്രചാരണമാണ് ഇതോടെ പൊളിയുന്നത്. അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത. മരണത്തിന് പിന്നാലെ തയ്യാറാക്കിയ തട്ടിക്കൂട്ട് പരാതിയെന്ന് പ്രതിപക്ഷ ആരോപണം. അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ പോലീസിൽ പരാതി നൽകി.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ഗുരുതരാരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്. ടിവി പ്രശാന്തൻ ബിനാമി. ദിവ്യയുടെ ഭർത്താവിനും ചില ഡിവൈഎഫ്ഐ സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പ് സംരംഭത്തിൽ പങ്കാളിത്തമെന്നും ആരോപണം.
സംസ്ഥാന വ്യാപകമായി രാഷ്ട്രീയ ഭേദമില്ലാതെ സർവീസ് സംഘടനകൾ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. സിപിഐഎം അനുകൂല സർവീസ് സംഘടനയും കണ്ണൂരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.






































