കൊച്ചി. തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ കീഴടങ്ങിയിട്ടില്ല.
ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ, തെയ്യമ്പാടി മുനീര്‍, സിദ്ധീഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജസീം, അബ്ദുല്‍ സമദ് എന്നിവർക്കാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
അഞ്ച് ലക്ഷം രൂപ പ്രതികള്‍ ഷിബിന്റെ കുടുംബത്തിനും , ഒരുലക്ഷം രൂപ വീതം കേസിലെ സാക്ഷികള്‍ക്കും നഷ്ടപരിഹാരമായി നല്‍കണം. പെട്ടെന്നുണ്ടായ തർക്കത്തിൽ നിന്നും ഉണ്ടായ കൊലപാതകം എന്നത് കണക്കിലെടുത്തുവെന്ന് വ്യക്തമാക്കിയ കോടതി അതുകൊണ്ടാണ് കുറഞ്ഞ ശിക്ഷ നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
9 വർഷമായി ഈ ദിനത്തിനായി കാത്തിരിക്കുകയാണെന്ന് വിധി കേട്ട ശേഷം ഷിബിന്റെ പിതാവ് പ്രതികരിച്ചു.
ഹൈക്കോടതി വിധി സന്തോഷകരമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ ഒഴികെ എല്ലാവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ സിപിഐഎം പ്രവർത്തകരാണ് പ്രതികൾ.






































