കോഴിക്കോട്: ഷിരൂരിലെ അപകടത്തിൽ മരിച്ച അർജുന്റെ സംസ്കാരത്തിന് പിന്നാലെ നടന്ന വിവാദത്തിന് വിരാമം. ട്രക്കുടമ മനാഫും അർജുന്റെ കുടുംബവും തമ്മിൽ രൂപപ്പെട്ട സ്വര ചേർച്ചയില്ലായ്മ ഇരു കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി നടത്തിയ മധ്യസ്ഥ ചർച്ചയിൽ രമ്യമായി പരിഹരിച്ചു.
മനാഫിനെ കൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജുന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, സാമൂഹ്യ പ്രവർത്തകൻ വിനോദ് മേക്കോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഖാദർ കരിപ്പൊടി, അൽ ബാബു, സായ്കൃഷ്ണ എന്നിവരാണ് മധ്യസ്ഥ ചർച്ച നടത്തിയത്.





































