‘അപകീർത്തിപ്പെടുത്തിയില്ല’; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും, സാക്ഷിയാക്കാൻ പൊലീസ്

789
Advertisement

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്.

അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നു ചേവായൂർ പൊലീസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നൽകി.

ഷിരൂരിലെ ഗംഗാവലി പുഴയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം 73 ദിവസങ്ങൾക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അർജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്.

Advertisement