കാലം സാക്ഷി ചരിത്രം സാക്ഷി… സഖാവ് പുഷ്പൻ ഓർമ്മയായി

361
Advertisement

കണ്ണൂർ: കാലം സാക്ഷി ചരിത്രം സാക്ഷി…. കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ ശയ്യാവലംബിയായി മുപ്പതോളം വർഷം ജീവിതത്തോട് മല്ലിട്ട ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (53) നാട് വിടചൊല്ലി.
പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം 5.45 ഓടെ മേനപ്രം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുഷ്പന്റെ മൃതദേഹം തലശേരി ടൗണ്‍ ഹാളിലും ചൊക്ളി രാമവിലാസം സ്‌കൂളിലും പൊതുദർശനത്തിന് വച്ചു.

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ എം പി എ എ റഹീം, ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നിവരടക്കം നിരവധി നേതാക്കളും സാധാരണ പ്രവർത്തകരും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പുഷ്പന് നാട് വിട നല്‍കിയത്.

ഇരുപത്തിനാലു വയസുള്ളപ്പോഴാണ് വെടിയേറ്റ് പുഷ്പൻ കിടപ്പിലായത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടിന് ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നു.

ഓഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പില്‍ 1994 നവംബർ 25ന് ഡി.വൈ.എഫ്‌.ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകർന്ന് കിടപ്പിലായതാണ് പുഷ്പൻ.

Advertisement