വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു

602
Advertisement

തിരുവനന്തപുരം. വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി . എംഎല്‍എ പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാർ കൈക്കൂലി വാങ്ങിയെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു. പിന്നാലെ
എഡിജിപിയെ കാണാന്‍ എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.
ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഉടന്‍ തീരുമാനമെടുക്കും. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് ആലോചന. മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമര്‍ശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍.

Advertisement