‘വിവാഹദിവസം രാവിലെയും ജിതിന് കോളുകൾ; തൂങ്ങിമരിച്ചത് കൈഞരമ്പുകൾ മുറിച്ച ശേഷമാകാം’

321
Advertisement

മലപ്പുറം: കൊണ്ടോട്ടിയിൽ വിവാഹദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ പ്രതിശ്രുത വരന്റെ മരണകാരണമറിയാൻ ഫോൺ പരിശോധിച്ച് പൊലീസ്. രാവിലെ തുടരെ ഫോൺ കോളുകൾ വന്നതിനുശേഷമാണു ജിതിൻ അസ്വസ്ഥനായി കാണപ്പെട്ടതെന്നു പൊലീസ് പറയുന്നു. ദുബായിലെ ജോലിസ്ഥലത്തുനിന്നും മറ്റും ഫോൺ വന്നിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും കാരണമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ദുബായിൽ ജോലി ചെയ്യുന്ന ജിതിൻ ദിവസങ്ങൾക്കു മുൻപാണു നാട്ടിലെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം സന്തോഷത്തോടെയാണു നടത്തിയിരുന്നതും. മറ്റു പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. കൊണ്ടോട്ടി കരിപ്പൂർ സ്വദേശി ജിതിനെ വിവാഹ ദിവസമായ ബുധനാഴ്ട രാവിലെയാണു വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കൈഞരമ്പുകൾ മുറിച്ചിരുന്നു. മരിക്കണമെന്നു മനസ്സിലുറപ്പിച്ചു ചെയ്തതു കൊണ്ടാകാം ഞരമ്പുകൾ മുറിച്ചതിനുശേഷം തൂങ്ങിയതെന്നാണു നിഗമനം. ഫോൺ കോളുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നു മരണ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.

Advertisement