മലപ്പുറം. വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായി. 79 അകൗണ്ടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത് എന്ന് പൊലീസ് കണ്ടെത്തി.ശാഖയിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും.
ജീവനക്കാർക്ക് പങ്കില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ല എന്നാണ് പൊലീസ് നിഗമനം
പത്ത് അകൗണ്ടുകളിലായി ഒരു കോടി നാല്പത്തിഎട്ടായിരം രൂപയുടെ തട്ടിപ്പ് നടത്തി എന്നായിരുന്നു ശാഖ മാനേജർ പൊലീസിൽ നൽകിയ പരാതി.എന്നാൽ പൊലീസ് അന്വേഷണത്തിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.79 അകൗണ്ടുകളിലായി 7 കോടിയുടെ തട്ടിപ്പ് ആണ് നടന്നത് എന്ന് പൊലീസ് കണ്ടെത്തി.കേസിൽ അറസ്റ്റിലായ ശാഖയിലെ ഗോൾഡ് അപ്രൈസർ രാജന്റെ മാത്രം സഹായത്താൽ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ല,അതിനാൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ ആണ് പൊലീസ് തീരുമാനം.തട്ടിപ്പിനെ കുറിച്ച് വിവരവകാശ ചോദ്യം ഉയർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത് എന്ന് വിവരവകാശ പ്രവർത്തകൻ അനിൽ ചന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു
അനിൽ ചന്ദ്രൻ ഈ മാസം പതിനാറിനാണ് തട്ടിപ്പിന്റെ വിശദംശങ്ങൾ ആവശ്യപ്പെട്ട് കെഎസ്എഫ്ഇക്ക് വിവരാവകാശ അപേക്ഷ നൽകിയത്.19 ന് ആണ് ശാഖ മാനേജർ പൊലീസിൽ പരാതി നൽകിയത്.രാജന് പുറമെ പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ് കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്,പറങ്ങാട്ടുതൊടി റഷീദലി,കാവുംപുറത്ത് മുഹമ്മദ് ശരീഫ് ,എന്നിവർ ആണ് പ്രതികൾ. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമായി





































