‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’… മാക്ട തകര്‍ത്തതിന് പിന്നിലും ചില കളികള്‍: വിനയന്‍

147
Advertisement

സിനിമയിലെ ചില ഗ്രൂപ്പുകളെപ്പറ്റിയും കൊള്ളരുതായ്മകളെപ്പറ്റിയും വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണെന്ന് സംവിധായകന്‍ വിനയന്‍. ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങള്‍ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ ഗ്രൂപ്പാണെന്ന് വിനയന്‍ പറഞ്ഞു.
പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയ്ക്ക് ഒത്തിരി ഡാമേജ് ഉണ്ടാക്കുന്നതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരാന്‍ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഇതിനെ വളരെ ലഘൂകരിച്ച് സംസാരിക്കുന്നവരുണ്ട്. ‘ഇത്രയല്ലേ ഉള്ളൂ, ഇതിലും വലുത് ഞങ്ങള്‍ കണ്ടിട്ടുണ്ടെന്ന’ രീതിയില്‍ ചില മന്ത്രിമാര്‍, സിനിമാക്കാര്‍ തുടങ്ങിയവര്‍ സംസാരിക്കുന്നത് കണ്ടു. ‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’ എന്നാണ് അവരോട് പറയാനുള്ളതെന്നും വിനയന്‍ പറഞ്ഞു. സിനിമ രംഗത്ത് മാഫിയ ഗ്രൂപ്പിന്റെ ഏറ്റവും ശക്തമായ പീഡനം ഏറ്റുവാങ്ങിയ വ്യക്തിയാണ് താന്‍. മലയാള സിനിമയില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ട്രേഡ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഡ്രൈവര്‍മാര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തുടങ്ങിയവരുടെ യൂണിയനാണ് ആദ്യം ഉണ്ടാക്കിയത്. ഇതിനുശേഷമാണ് സംവിധായകരുടെയും മറ്റും യൂണിയനുണ്ടാക്കുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി വലിയ തീരുമാനങ്ങളും എടുത്തിരുന്നു. എന്നാല്‍ വരേണ്യവര്‍ഗത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. മാക്ട തകര്‍ത്തതിന് പിന്നില്‍ ഒരു നടനാണ്. 40 ലക്ഷം അഡ്വാന്‍സ് വാങ്ങിയിട്ട് ആ നടന്‍, സിനിമ ചെയ്യണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാക്ട ന്യായത്തിന്റെ കൂടെ, സംവിധായകന്റെ കൂടെ നിന്നു. അതിന്റെ പേരില്‍ ആ നടന്‍ സംഘടനയെ തകര്‍ത്തു. ആ ഇഷ്യൂ മൂലമാണ് താന്‍ 10-12 വര്‍ഷമായി വിലക്ക് അനുഭവിച്ച് പുറത്തു നില്‍ക്കാന്‍ കാരണമായതെന്നും വിനയന്‍ പറഞ്ഞു.

Advertisement