ഷിരൂർ. മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ അഞ്ച് ദിവസമെടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാവികസേനയുടെ ഇന്നത്തെ തിരച്ചിൽ നേരത്തെ അവസാനിപ്പിച്ചു.
നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കുന്നതിനായിരുന്നു ഇന്നത്തെ തിരച്ചിൽ. ഈശ്വർ മാൽപെക്കും, നേവിക്കും ഒപ്പം എൻഡിആർഎഫിന്റെ രണ്ട് ഡൈവർമാറും ഇന്ന്
ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാൽ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മൺകൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.
മാർക്ക് ചെയ്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ചയോടെ ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തികരിച്ച് ഡ്രഡ്ജർ എത്താൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും എടുക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
ഷിരൂരിൽ ഒരാഴ്ച്ചക്ക് ശേഷം പെയ്ത ശക്തമായ മഴ വരും ദിവസങ്ങളിൽ ദൗത്യത്തിന് തടസമാകുമോയെന്ന ആശങ്കയിലാണ് ദൗത്യ സംഘം





































