വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയില്‍

913
Advertisement

കൊച്ചിയില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ നാലുപേരടങ്ങിയ മോഷണ സംഘം പിടിയില്‍. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് കീഴ്മഠത്തില്‍ ഹൗസില്‍ മുഹമ്മദ് തായി (22), ചക്കുംകടവ് അമ്പലത്താഴം എം.പി. ഹൗസില്‍ എം.പി. ഫാസില്‍ (23), ചേളന്നൂര്‍ എട്ടേരണ്ട് ഉരുളുമല വീട്ടില്‍ ഷാഹിദ് എന്ന ഷാനു (20), ബാലുശ്ശേരി മഞ്ഞപ്പാലം തൈക്കണ്ടി വീട്ടില്‍ ഗോകുല്‍ (21) എന്നിവരാണ് സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.
എറണാകുളം, വയനാട് ജില്ലകളിലും കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കൊയിലാണ്ടി സ്റ്റേഷന്‍ പരിധികളിലുമുള്‍പ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണിവര്‍. ഇവരില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും യു.എസ്.ബി. സ്പീക്കറുകളും സ്മാര്‍ട്ട് വാച്ചുകളും പവര്‍ബാങ്കുകളും ഇലക്ട്രിക് ടോര്‍ച്ചുകളും ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സുകളും ചാര്‍ജറുകളുമുള്‍പ്പെടെ നിരവധി തൊണ്ടിമുതലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
താമരശ്ശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി ഭവനഭേദനം, ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം എന്നിവ നടത്തിയ ശേഷം സംഘം ബെംഗളൂരുവിലേക്ക് കടന്നു. ബെംഗളൂരുവിലും മോഷണം നടത്തിയ ശേഷമാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണ മുതലുമായാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. മുഹമ്മദ് തായി പതിന്നാലും ഷാഹിദ് ആറും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Advertisement