കോഴിക്കോട് .മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. സ്കൂൾ പരിസരത്തെ ഹോട്ടലുകളിൽ നിന്നോ മറ്റ് കടകളിൽ നിന്നോ ആകാം വൈറസ് ബാധയെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. സ്കൂൾ പരിസരത്തെ വിവിധ ഹോട്ടലുകളിലും കടകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണ പദാർത്ഥങ്ങൾ വിൽപന നടത്തിയ മൂന്ന് സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


































