സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് കോളനി എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. മന്ത്രി പദവി ഒഴിഞ്ഞ് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കുന്നതിന് മുമ്പാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്.
അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും. ഉത്തരവ് ഇന്ന് പുറത്തിറങ്ങും. 3 മണിക്ക് ക്ലിഫ് ഹൗസിലെത്തി അദ്ദേഹം രാജി സമര്‍പ്പിച്ചു. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷത ബോധം തോന്നുന്നു, ആ പേര് ഇല്ലാതാക്കുകയാണ്. ഉത്തരവ് ഉടനെ ഇറങ്ങും.
പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം, നിലവില്‍ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു. വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകള്‍ ഇടണം. പ്രദേശത്തെ ആളുകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആകണം പേര്. ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


































