കോഴിക്കോട്. എയിംസ് കേരളത്തിൽ എത്തിക്കുന്നതിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന എം കെ രാഘവൻ്റെ പ്രതികരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയെന്ന് പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വേണമെന്ന് ആഗ്രഹിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപിയുടെ പര്യടനം കോഴിക്കോട് , കണ്ണൂർ ജില്ലകളിൽ പുരോഗമിക്കുകയാണ്.
എയിംസ് കേരളത്തിൽ എത്തിക്കാൻ മുന്നിൽ നിന്ന് പോരാടും എന്നായിരുന്നു കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. ഇതിനോടുള്ള എം കെ രാഘവൻ എംപിയുടെ പ്രതികരണം ഇങ്ങനെ.
ഇന്ന് കോഴിക്കോട് എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് മാധ്യമങ്ങൾ വീണ്ടും വിഷയം ആരാഞ്ഞു. വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും എം കെ രാഘവന്റെ ആവശ്യം രാഷ്ട്രീയ ദുരുദ്ദേശത്തോടെയെന്ന് മറുപടി.
കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി ഭൂമി കണ്ടെത്തിയിട്ടുള്ളത്. കിൻഫ്രയുടെ കൈവശം ഉണ്ടായിരുന്ന 160 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറുകയും 100 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ആണ്.






































