തിരുവനന്തപുരം. കരുമൺകോട് വനമേഖലയില്‍ ഭാര്യയുടെ കാലിൽ ചുറ്റികകൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ചുറ്റികകൊണ്ട് ആക്രമിച്ചത്. കാട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. ഇരുവരും ഏറെ നാളായി പിണക്കത്തിലായിരുന്നു.
ഗിരിജയെ പ്രതി സോജി കാണണമെന്ന് ആവശ്യപ്പെട്ട് പാലോട് കരുമൺകോട് വനമേഖലയിൽ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെയായിരുന്നു ആക്രമണം. ഗിരിജയുടെ കാൽ മുട്ടിനും, തലയ്ക്കും സോജി ചുറ്റിക കൊണ്ട് അടിച്ചു. മർദ്ദനത്തിൽ ഗിരിജയുടെ കാൽമുട്ടുകൾക്ക് ഗുരുതര പരിക്കുണ്ട്. ഗിരിജയുടെ
നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ പാങ്ങോട് പോലീസ് കേസ് എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശാന്തയുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വൈരാഗ്യം മൂലമാണ് ആക്രമണമെന്നു മാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗിരിജയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. അതേസമയം വനത്തിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.































