കൊച്ചി . പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ യുവതിയെ പീഡിപ്പിച്ചയാള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിൽ അറസ്റ്റിലായ യുവതിയുടെ ആരോഗ്യനില പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ പോലീസ് നീക്കം. എറണാകുളം ജനറൽ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന യുവതി ആശുപത്രിയിൽ നിന്നും വിടുതൽ വാങ്ങിയശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
യുവതി നൽകിയ മൊഴിയിൽ പരാമർശിക്കപ്പെട്ട യുവാവ് നിലവിൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയതിൽ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും യുവതി ഗർഭിണിയായിരുന്നു എന്ന വിവരം സുഹൃത്തുക്കൾക്കടക്കം മറ്റർക്കെങ്കിലും അറിയാമായിരുന്നു എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ യുവതി നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. യുവതിയെ പോലീസ് കസ്റ്റഡി ലഭിച്ചാൽ മാത്രമേ നിരവധി കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂ എന്നതാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട നവജാത ശിശുവിൻറെ മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെടും മുൻപ് തന്നെ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഗുരുതരമായ പരിക്കുകൾ യുവതി ഒറ്റയ്ക്ക് വരുത്തിയതാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.





































