മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു

Advertisement

റിയാദ്.സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൽ ജലീലിന്റെ മകൾ ഒൻപത് വയസ്സുകാരി ഹാദിയ ഫാത്തിമയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ മരിച്ച അബ്ദുൽ ജലീൽ ഉൾപ്പെടെ കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ മദീനയിൽ ഖബറടക്കിയിരുന്നു.
മദീനയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ ഹാദിയ ഫാത്തിമ കൂടി യാത്രയായതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി അബ്ദുൽ ജലീൽ, ഭാര്യ തസ്‌ന, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ മദീനയിലെ ജന്നത്തുൽ ബഖീ ഖബർസ്ഥാനിലാണ് ഖബറടക്കിയത്. തൊട്ടുപിന്നാലെയാണ് കുടുംബത്തെ വീണ്ടും കണ്ണീരിലാഴ്ത്തി ഹാദിയയുടെ മരണവാർത്തയും എത്തുന്നത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റു രണ്ട് മക്കളായ അയിഷയും നൂറയും സുഖം പ്രാപിച്ച് വരികയാണ്. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ ജലീൽ ജോലി സംബന്ധമായ ആവശ്യത്തിനായി ഹായിലിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ജിഎംസി വാഹനം ഒരു ട്രക്കിന് പിന്നിൽ ഇടിച്ചായിരുന്നു അപകടം. ദുരന്തവാർത്ത അറിഞ്ഞ് നാട്ടിലുണ്ടായിരുന്ന മൂന്ന് മക്കളും ബന്ധുക്കളും മദീനയിൽ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here