എഡിൻബർഗ്: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി ഉപദ്രവിച്ചതിനും ബ്രിട്ടീഷ് പൗരനായ മലയാളിക്ക് യുകെയില്‍ തടവ് ശിക്ഷ വിധിച്ചു.
നൈജില്‍ പോള്‍ (47) എന്ന ഇന്ത്യൻ വംശജനെയാണ് കോടതി ഏഴു വർഷവും ഒൻപത് മാസവും തടവിന് ശിക്ഷിച്ചത്. ഒക്ടോബറില്‍ ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചത്. 2019ല്‍ പോള്‍ വിചാരണ നേരിടേണ്ടിയിരുന്നെങ്കിലും ഹാജരായില്ല. തുടർന്ന് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വർഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ജീവിതകാലം മുഴുവൻ നൈജില്‍ സെക്സ് ഒഫൻഡർ ലിസ്റ്റില്‍ നൈജില്‍ ഉള്‍പ്പെടും. പീഡനത്തിനിരയായ സ്ത്രീകള സമീപിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും യുവതിക്ക് ഉപകാരം ചെയ്യുകയാണെന്ന് പോലും വാദിച്ചെന്നും ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ലോർഡ് റെനുച്ചി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരനാണ് നൈജില്‍ പോള്‍.
2018ല്‍ കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിചാരണ തുടങ്ങുന്നതിന് തലേദിവസം പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഇയാള്‍ കേരളത്തിലെ കൊച്ചിയിലേക്ക് കടന്നു. ആറു വർഷത്തെ ഒളിവ് ജീവിതത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അറസ്റ്റിലായി സ്കോട്ട്ലൻഡിലേക്ക് എത്തിക്കുകയും നിയമനടപടികള്‍ ആരംഭിക്കുകയുമായിരുന്നു.
ഗ്ലാസ്‌ഗോയിലെ അക്കോണ്‍ പാർക്ക് കെയർ ഹോമിന്റെ മാനേജരായി ജോലി ചെയ്യുമ്ബോഴാണ് പ്രതി ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തത്. 2018ല്‍ അക്കോണ്‍ പാർക്ക് കെയർ ഹോം മാനേജറായിരുന്ന നൈജില്‍ പോള്‍ സഹപ്രവർത്തകയായ 26കാരിയെ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു. കടബാധ്യത കാരണം ജോലിക്ക് തിരിച്ചെത്തിയ യുവതിയെ ജോലി സുരക്ഷിതമാക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങണമെന്ന് പ്രതി ആവശ്യപ്പെട്ടു. വഴങ്ങിയില്ലെങ്കില്‍ കുട്ടികള്‍ ഭവനരഹിതരാകുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്നും ഇക്കാര്യം ആരും വിശ്വസിക്കില്ലെന്നും യുവതിയെ ഭീഷണിപ്പെടുത്തി.
ഇതുകൂടാതെ 19 വയസ്സുള്ള മറ്റൊരു സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. 21 വയസ്സുള്ള മറ്റൊരു യുവതിയെയും നൈജില്‍ ലൈംഗികമായി ഉപദ്രവിച്ചു. യുവതികളെ ചുംബിക്കാൻ ശ്രമിക്കുകയും ശരീരത്തില്‍ സ്പർശിക്കുകയുമായിരുന്നു. തുടർന്ന് സ്ത്രീകളുടെ പരാതിയില്‍ 2018ല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങള്‍ നടന്ന കെയർ ഹോം പിന്നീട് മോശം റിപ്പോർട്ടിനെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നിരുന്നു.

































