മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ മരിച്ചു

Advertisement


മക്ക. സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വൻ ദുരന്തം. ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെടെ 45 പേർ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ അധികവും ഹൈദരാബാദിൽ നിന്നുള്ളവരാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

മക്കയിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഉംറ തീർത്ഥാടകരുടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടമുണ്ടായത്. ഇന്നലെ രാത്രി പ്രാദേശിക സമയം 11 മണിയോടെയായിരുന്നു സംഭവം. മക്കയില് നിന്ന് ചരിത്ര സ്ഥലമായ ബദർ വഴി മദീനയിലേക്ക് പോകുമ്പോൾ മദീനയിൽ എത്തുന്നതിന് ഏകദേശം 160 കിലോമീറ്റർ മുമ്പ് മുഫ്‌രിഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നെത്തിയ തീർഥാടകരായിരുന്നു യാത്രക്കാർ. ബസിലുണ്ടായിരുന്ന 46 യാത്രക്കാരിൽ 45 പേരും മരിച്ചതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥിരീകരിച്ചു. 24 കാരനായ മുഹമ്മദ് ശുഹൈബ് എന്ന ഒരു തീർഥാടകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ സൌദി ജർമൻ ആശുപത്രിയില് ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ മദീനയിലെ കിംഗ് ഫഹദ്, കിംഗ് സൽമാൻ, മീഖാത്ത് എന്നീ ആശുപത്രികളിലാണ് ഉള്ളത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത വിധം കത്തിക്കരിഞ്ഞു. ടാങ്കർ ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചത് മരണസംഖ്യ കൂടാൻ കാരണമായി. അപകടത്തെ തുടർന്ന് സൗദി അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും തുടർ നടപടികൾക്കുമായി ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്ക്ക് എല്ലാ സഹായങ്ങളും എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജിദ്ദയിലെ ഇന്ത്യന് കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി.

Advertisement