Home News Breaking News സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ മുഴങ്ങിയത് 50 അപകട സൈറൺ, മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165...

സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ മുഴങ്ങിയത് 50 അപകട സൈറൺ, മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ

Advertisement

കുവൈത്ത് സിറ്റി: നിലവിലുള്ള സംഘർഷത്തിന്‍റെ തുടക്കം മുതൽ രാജ്യത്തുടനീളം 50 തവണ എയർ റെയ്ഡ് സൈറൺ മുഴക്കിയതായും, വിവിധ സ്ഥലങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി 165 റിപ്പോർട്ടുകൾ ലഭിച്ചതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിച്ച സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ നാസർ ബൗസലൈബ് ആണ് ഇത് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സുരക്ഷാ സ്ഥിതി സ്ഥിരതയുള്ളതാണെന്നും സുരക്ഷാ-പ്രതിരോധ സംവിധാനങ്ങൾ പരമാവധി ജാഗ്രതയോടെയും സജ്ജതയോടെയും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളും ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത ഓപ്പറേഷൻ റൂമുകൾ വഴി അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതായും അറിയിച്ചു.

നിലവിലെ സാഹചര്യത്തിന്റെ തുടക്കം മുതൽ സിവിൽ ഡിഫൻസ് 50 തവണ സൈറൺ പ്രവർത്തിപ്പിച്ചതായും, കുവൈത്ത് സൈന്യം, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ ബോംബ് ഡിസ്പോസൽ സംഘങ്ങൾ മിസൈൽ അവശിഷ്ടങ്ങൾ വീണതായി ലഭിച്ച റിപ്പോർട്ടുകൾക്ക് പ്രതികരിച്ച് നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുന്നറിയിപ്പുകൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തുടനീളം സൈറൺ മുഴക്കുന്നതിനൊപ്പം ടിവി, റേഡിയോ ചാനലുകൾ വഴിയും ‘സാഹെൽ’ ആപ്പിലൂടെയും മുന്നറിയിപ്പുകൾ നൽകിയതായും അധികൃതർ വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ ഏകദേശം 6,800 സംസാര, കാഴ്ചാ പരിമിതകളുള്ള ആളുകളിലേക്കും സന്ദേശങ്ങൾ എത്തിച്ചതായും പറഞ്ഞു.

ജനങ്ങളും പ്രവാസികളും സർക്കാർ വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷാ പ്രവർത്തനങ്ങളുടെയോ സംഭവസ്ഥലങ്ങളുടെയോ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കർശനമായി നിരോധിച്ചതായും മുന്നറിയിപ്പ് നൽകി.

സംശയാസ്പദമായ വസ്തുക്കളോ മിസൈൽ അവശിഷ്ടങ്ങളോ കണ്ടാൽ അടുത്തുപോകാതെയും കൈകാര്യം ചെയ്യാതെയും ഉടൻ 112 എന്ന അടിയന്തര നമ്പറിലേക്ക് വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇതിനൊപ്പം മുൻകരുതൽ നടപടിയായി വിനോദ ബോട്ടുകൾക്കും മീൻപിടിത്ത ബോട്ടുകൾക്കും കടലിലേക്ക് പോകുന്നതിന് താൽക്കാലിക വിലക്കും, ക്യാമ്പിംഗ് നിരോധനവും, കൂടാതെ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതിനും വിലക്കും തുടരുന്നതായി മന്ത്രാലയം അറിയിച്ചു. സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ ശാന്തരായി ഉടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ കെട്ടിടങ്ങളുടെ അടിത്തട്ടിലേക്കോ പോകുകയും ജനാലകളും തുറസ്സായ സ്ഥലങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പൊതുജനങ്ങളുടെ സഹകരണം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here