Home News Breaking News ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച്‌ ഡോണള്‍ഡ് ട്രംപ്; വിമര്‍ശനത്തിനു പിന്നാലെ പിന്‍വലിച്ചു

ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച്‌ ഡോണള്‍ഡ് ട്രംപ്; വിമര്‍ശനത്തിനു പിന്നാലെ പിന്‍വലിച്ചു

Advertisement

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും, പത്‌നി മിഷേല്‍ ഒബാമയെയും അവഹേളിച്ചുള്ള വീഡിയോ സാമൂഹിക മാധ്യമ പേജില്‍ പോസ്റ്റ് ചെയ്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം.

ട്രംപിന്റെ സാമൂഹിക മാധ്യമ പേജായ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

കുരങ്ങിന്റെ ശരീരത്തില്‍ മിഷേല്‍ ഒബാമയുടെയും ബരാക് ഒബാമയുടെയും തലകള്‍ ചേര്‍ത്തുവെച്ചായിരുന്നു ട്രംപിന്റെ വംശീയ അവഹേളനം. ‘ദ ലയണ്‍ സ്ലീപ്‌സ് ടു നൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോ ആണ് പങ്കുവെച്ചത്. വിവാദമായതിനു പിന്നാലെ ഇത് നീക്കം ചെയ്തു. 62 സെക്കന്‍ഡുള്ള വീഡിയോയില്‍, 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്താന്‍ വോട്ടിങ് കമ്പനിയായ ഡൊമിനിയന്‍ വോട്ടിങ് സിസ്റ്റവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമുണ്ട്. വീഡിയോയുടെ അവസാനത്തിലാണ് മുന്‍ പ്രസിഡന്റിനെയും ഭാര്യയെയും കുരങ്ങുകളായി ചിത്രീകരിച്ചത്.

എന്നാല്‍, സംഭവം നിഷേധിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് രംഗത്തെത്തി. പ്രസിഡന്റ് ട്രംപിനെ കാട്ടിലെ രാജാവായും, ഡെമോക്രാറ്റുകളെ സിംഹരാജന്റെ കഥാപാത്രങ്ങളായും ചിത്രീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ് മീം വീഡിയോ ആണിതെന്നും, വൈറ്റ് ഹൗസ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയില്‍ പ്രസിഡന്റിന്റെ പേജില്‍ വന്ന വംശീയാധിക്ഷേപ വീഡിയോക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നു. ട്രംപിന്റെ അടുത്ത അനുയായിയും, സൗത് കരോലിന സെനറ്ററും കറുത്ത വംശജനുമായ ടിം സ്‌കോട്ടും വിമര്‍ശിച്ചു. ഇതൊരു വ്യാജ പോസ്റ്റാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ‘വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവന്ന ഏറ്റവും കടുത്ത വംശീയാധിക്ഷേപമാണിത്. പ്രസിഡന്റ് ഉടന്‍ വീഡിയോ നീക്കം ചെയ്യണം -ടിം സ്‌കോട്ട് ആവശ്യപ്പെട്ടു.

2028 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പ്രസിഡന്റ് ട്രംപിന്റെ സ്വഭാവം അറപ്പുളവാക്കുന്നതാണെന്ന് പറഞ്ഞു. എല്ലാ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതിനെതിരെ രംഗത്തു വരണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരാനായ പ്രസിഡന്റായി അധികാരമേറ്റ ബരാക് ഒബാമയെയും, പ്രഥമ വനിതയെയും അധിക്ഷേപിക്കുന്ന പ്രസിഡന്റിന്റെ നടപടി രാജ്യത്തിന് അപമാനമാണെന്നും വിമര്‍ശനമുയര്‍ന്നു.

നേരത്തെയും എ.ഐ നിര്‍മിത വീഡിയോകളും ചിത്രങ്ങളുമായി ഡോണള്‍ഡ് ട്രംപ് ലോക നേതാക്കളെ പരിഹസിച്ച്‌ രംഗത്തെത്തിയിരുന്നു. ബരാക് ഒബാമയെ ഓവല്‍ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്ത്, തടവുപുള്ളിയുടെ ഓറഞ്ച് കുപ്പായമണിയിച്ചുള്ള ദൃശ്യങ്ങളും ട്രംപ് പങ്കുവെച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here