കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ പങ്കെടുത്ത വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂച് ലിബറേഷൻ ആർമി. ശനിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷൻ ഹെറോഫ് രണ്ടാം ഘട്ടത്തില്‍ പങ്കെടുത്ത ആസിഫ മെംഗൽ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് സംഘടന പുറത്തുവിട്ടത്. 24 കാരിയായ ആസിഫ മെംഗൽ നോഷ്കിയിലെ ഐഎസ്ഐ ആസ്ഥാനത്തിന് നേരെയാണ് ചാവേർ ആക്രമണം നടത്തിയത്. ഗ്വാദർ മുന്നണിയിൽ പോരാടിയ ഹവ ബലൂച് എന്ന മറ്റൊരു വനിതാ ചാവേറിന്റെ അവസാന സന്ദേശവും സംഘടന പുറത്തുവിട്ടിട്ടുണ്ട്.
40 മണിക്കൂറിലധികം നീണ്ടുനിന്ന ആക്രമണ പരമ്പരയിൽ 120 ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 200-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി ബിഎൽഎ അവകാശപ്പെടുമ്പോൾ, 17 നിയമപാലകരും 31 സാധാരണക്കാരും കൊല്ലപ്പെട്ടതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി സ്ഥിരീകരിച്ചു. പ്രവിശ്യയിലെ ക്വറ്റ, മസ്തൂംഗ്, നോഷ്കി, ഗ്വാദർ, പസ്നി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഒരേസമയമാണ് ആക്രമണം നടന്നത്. മസ്തൂംഗിലെ അതീവ സുരക്ഷയുള്ള ജയിൽ തകർത്ത് മുപ്പതിലധികം തടവുകാരെ ഭീകരർ മോചിപ്പിക്കുകയും റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർക്കുകയും ചെയ്തു. ഇതേത്തുടർന്ന് മേഖലയിലേക്കുള്ള പാകിസ്താൻ റെയിൽവേ സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.
ആക്രമണത്തിനിടെ നോഷ്കി ഡെപ്യൂട്ടി കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും ബിഎൽഎ തടവിലാക്കിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. തങ്ങളുടെ ഭാഗത്ത് 18 പോരാളികൾ കൊല്ലപ്പെട്ടതായി ഭീകരവാദികൾ സമ്മതിക്കുമ്പോൾ, 130-ലധികം ഭീകരരെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു. രാഷ്ട്രീയ അവഗണനയ്ക്കും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനുമെതിരെ ദശാബ്ദങ്ങളായി ബലൂചിസ്ഥാനിൽ നിലനിൽക്കുന്ന ഭീകരവാദം വനിതാ ചാവേറുകളെ ഉൾപ്പെടെ അണിനിരത്തി പുതിയ തലത്തിലേക്ക് മാറുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.




























