ഇറാനിൽ സൗജന്യ സ്റ്റാർലിങ്ക് സേവനം നൽകി സ്പേസ് എക്സ്, ജാമർ വെച്ച് സൈന്യം; പ്രകടനം തുടരൂ, സഹായമെത്തുമെന്ന് പ്രക്ഷോഭകരോട് ട്രംപ്

Advertisement

ടെഹ്‌റാൻ: അയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ പ്രതിഷേധം അടിച്ചൊതുക്കാൻ ഇന്‍റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിന് പിന്നാലെ സ്റ്റാർലിങ്ക് ഉപയോഗവും ഇറാൻ നിരോധിച്ചിരുന്നു. പ്രക്ഷോഭകരുടെ ആശയവിനിമയ മാർഗങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയ ഇറാന് തിരിച്ചടിയായി ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകിയിരുന്നു. ഇപ്പോഴിതാ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനവും ഇറാൻ തടസപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ.

സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇറാനിൽ ലഭ്യമായി തുടങ്ങിയതിനു പിന്നാലെ ജാമറുകൾ ഉപയോഗിച്ച് സൈന്യം ഈ സേവനം തടസപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മസ്കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പേസ് എക്സ് സാറ്റാർ ലിങ്ക് സാറ്റലൈറ്റ് ഇന്‍റ‍ർനെറ്റ് സേവനം ഇറാനിൽ നൽകിയത്. സ്പേസ് എക്സ് വഴി ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കി, രാജ്യത്ത് റിസീവറുകളുള്ള ആളുകൾക്ക് പണം നൽകാതെ തന്നെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ ആണ് അവസരമൊരുക്കിയത്. എന്നാൽ മണിക്കൂറുകൾക്കകം ഇറാൻ സൈന്യം ഈ നീക്കം പൊളിച്ചു.

സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഇറാനിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ ലഭിക്കാമെന്നും, ഇതിനായി ഇറാൻ തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനിലേക്ക് ‘സഹായം ഉടനെത്തും’ എന്നും പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങൾ തുടരാനും ട്രംപ് ആവശ്യപ്പെട്ടു. ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടിയിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here