ഇൻഡോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു

Advertisement

ജക്കാർത്ത : കനത്ത മഴയെത്തുടർന്ന് ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആഷെ എന്നീ മൂന്ന് പ്രവിശ്യകളിലായി 402 പേരെ കാണാതായതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സുമാത്ര പ്രവിശ്യയിലെ 15 നഗരങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലാണ്‌. 7,000 വീടുകൾ വെള്ളത്തിൽ മുങ്ങി. 290,700 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി. സെൻയാർ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. തായ്‌ലൻഡിലും മലേഷ്യയിലും ചുഴലിക്കാറ്റും കനത്ത മഴയും വ്യാപക നാശം വിതച്ചു. റോഡുകൾ തകർന്നതോടെ ദ്വീപിന്റെ ചില ഭാഗങ്ങൾ ഒറ്റപ്പെട്ടു. ആശയവിനിമയ ബന്ധങ്ങൾ തകർന്നു.


വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങത്തെ തടസ്സപ്പെടുത്തി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സിബോൾഗ നഗരത്തിലേക്കും വടക്കൻ സുമാത്രയിലെ സെൻട്രൽ തപനുലി ജില്ലയിലേക്കും സഹായം എത്തിക്കുന്നത് മന്ദഗതിയിലാണ്. രക്ഷാപ്രവർത്തനങ്ങൾ വൈകിയതോടെ ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കൾക്കായി ജനങ്ങൾ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശനിയാഴ്ച വൈകിട്ട് ആളുകൾ കടകളിൽ അതിക്രമിച്ചു കയറുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പ്രാദേശിക പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് ഫെറി വാലിന്റുകൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here